Monday 1 May 2017

പുതിയ വായു

   


  അന്ന് ബുധനാഴ്ച്ചയാണെന്ന് കൃതി ഓർത്തു. ബുധൻ കഴിഞ്ഞാൽ വ്യാഴം, വെള്ളി പിന്നെ ശനി അങ്ങനെ നീണ്ടുപോകുമെന്നും ഇതിനൊരു മാറ്റമില്ലെന്നും അവൻ അറിഞ്ഞു. ഒന്നുമില്ലെങ്കിലും ദിവസങ്ങളുടെ  പേരുകളെങ്കിലും മാറിയിരുന്നെങ്കിൽ എന്ന്  അവനാഗ്രഹിച്ചു. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാനില്ലാത്ത ദിവസങ്ങളെ കൃതി   വിധ ചിന്തകളാൽ തള്ളിനീക്കി. എന്നാൽ എന്നും  കാണുന്ന ഒരേ മുറിയും അതിലെ ഉപകരണങ്ങളും അതിന്റെ സീലിങ്ങും  സീലിങ്ങിലെ  വികൃതചിഹ്നങ്ങളും അവനെ വല്ലാതെ മടുപ്പിക്കുന്നു. തന്റെ രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് അവന് കുറെയൊക്കെ അറിയാമെങ്കിലും അത് അവനെ അധികം വേദനിപ്പിക്കുന്നില്ല. പക്ഷെ ഈ വിരസത അസഹനീയം തന്നെ. കൃതിയുടെ ജീവിതത്തിന്  വേദന വിട്ടുമാറാത്ത രോഗിയുടേതിനേക്കാൾ വിരസത കട്ടിപിടിച്ച തൊണ്ണൂറുശതമാനം മനുഷ്യരുടേതിനോടായിരുന്നു സാമ്യം. കാര്യമായൊന്നും തനിക്ക് ചെയ്യാനില്ലെന്നത് ഒരു യുദ്ധക്കളത്തിനു നടുവിൽ നിൽക്കുന്നതിലും അസഹനീയമായി  തോന്നി.

    ഒരു ദിവസം ഒരു പ്രത്യേക സമയത്ത് കൃതി എഴുന്നേൽക്കും. ഒരു പ്രത്യേക സമയത്ത് എഴുന്നേൽക്കുന്നത് വേറൊന്നിനുമല്ല, അടുത്ത ഉറക്കം കൃത്യസമയത്ത് ആകാൻ വേണ്ടിയാണ്. ഒരിക്കൽ ഉറങ്ങി എഴുന്നേൽക്കാതെ വീണ്ടും ഉറങ്ങാനും പിന്നെ എഴുന്നേൽക്കാനുമാകില്ലല്ലോ. കൃതിയുടെ കാര്യത്തിൽ ഇടവേള വളരെ ചെറുതാണെന്ന് മാത്രം. പകൽ സമയം ഇടവിട്ടുള്ള ഉറക്കം കാരണം കൃതിക്ക് രാത്രിയിൽ ഉറക്കം  വരാറില്ല. ആദ്യമൊക്കെ വളരെ നേരം കിടന്ന് ഉറക്കത്തെ അവൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഇങ്ങനെ വെറുതെ കിടന്ന് കളയുന്ന സമയം മറ്റെന്തെങ്കിലും ചെയ്താൽ അതായിരിക്കും നല്ലതെന്ന് അവനു തോന്നി. പകൽ സമയം വീട്ടിൽ ധാരാളം ആളുകൾ ഉള്ളതിനാൽ പുറത്തിറങ്ങിക്കൂടാ. കാരണം കൃതി ഒരു രോഗിയാണ് . ഒരു രോഗി ഏതാണ്ട്  മുഴുവൻ സമയവും കട്ടിലിൽ തന്നെ കിടക്കണം. അതുകൊണ്ട് കൃതി ആലോചിച്ചു... എന്തുകൊണ്ട് രാത്രിയിൽ പുറത്തിറങ്ങിക്കൂടാ ? അങ്ങനെയാണ്  അവൻ സാമാന്യധാരണകളെ സ്വന്തം സൗകര്യത്തിനായി മറിച്ചിട്ടത്.

വീട്ടിലെ ആളുകളെല്ലാം ഉറങ്ങാൻ അവൻ കാത്തിരുന്നു. എന്തിനാണ്  തിടുക്കമെന്നും എന്തിനാണ്  പരിഭ്രമിക്കുന്നതെന്നും അവൻ മനസ്സിലാക്കിയില്ല. തന്നോടുതന്നെ ചെയ്യുന്ന ഒരു കുറ്റം, അത് ചെയ്യുന്നതിന് മുൻപേ തന്നെ പശ്ച്ചാത്തപിക്കുന്നവനെപ്പോലെ കൃതി കുഴങ്ങി. അല്പം വെള്ളം കുടിച്ചതിനുശേഷം അവൻ പുറത്തിറങ്ങി. കൃതി ഇറങ്ങിയത് തണുപ്പിലേക്കാണ് . അതാണ് അവൻ ആഗ്രഹിച്ചതും.... ചുറ്റുമുള്ള തണുപ്പ് അവനെ ചുരുക്കാൻ തുടങ്ങി. കൃതിക്ക്, അവൻ ലോകത്തിലെ ഏറ്റവും ചെറുതും ഏകനുമായ ജീവിയായിത്തോന്നി.

ഇത് ആദ്യത്തെ അനുഭവമാണെങ്കിലും വ്യത്യസ്തവും രസകരവുമാണെങ്കിലും കൃതിയെ ഒരുതരം ഭയം ഗ്രഹിച്ചു . താൻ രാവിലെ കാണുന്ന മരങ്ങളും റോഡും രാത്രിയുടെ മായാജാലത്തിൽ എങ്ങനെ സ്വയം സുന്ദരമായി കാണപ്പെടും എന്ന് ശ്രദ്ധിക്കാതെ കൃതി മുന്നോട്ടു പോയി. താൻ എന്താണ്  പിന്നിൽ ഉപേക്ഷിച്ചത്? ഒരു കുറ്റം. ചെയ്യാൻ പാടില്ലാത്ത ഒന്ന്. ബഹുജനം ചെയ്യാൻ തുനിയാത്ത ഒന്ന് വാതിൽപ്പടികളിൽ ഉപേക്ഷിച്ച് പോകുമ്പോൾ അവനെങ്ങനെ ഇരുളും അതിന്റെ സൗന്ദര്യവും ആസ്വദിക്കും. ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോളും അത്രയും ദൂരം തിരിഞ്ഞുപോയി ആരും വരില്ലെന്ന് ഉറപ്പുവരുത്താൻ അവൻ ആഗ്രഹിച്ചു.

  പ്രത്യേകിച്ചോരു ലക്ഷ്യവുമില്ലാതെ കൃതി മുന്നോട്ട് നടക്കാൻ തുടങ്ങി. തന്റെ രണ്ടുവശത്തും അവൻ നോക്കിയില്ല. ഒന്ന് നോക്കിപ്പോയാൽ തന്നെ പിടിക്കാൻ കാത്തുനിൽക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ്‌  അവിടെ ഉണ്ടാകുമെന്നവൻ ഭയന്നു. അങ്ങനെ നടന്നപ്പോഴാണ് അവൻ ആദ്യമായി തന്റെ വലതുവശത്തുള്ള ഒരു മരത്തിനുനേരെ നോക്കിയത്. നല്ല ഉയരമുള്ള ഒരു പ്ലാവായിരുന്നു അത്. അതിന്റെ ചുവട്ടിൽ കൃതിയും കൂട്ടുകാരും കളിക്കാൻ ഒത്തുകൂടാറുണ്ടായിരുന്നു. അതിന്റെ അടിയിലായി അവന്റെയും അവന്റെ കൂട്ടുകാരുടെയും പേര് തീർച്ചയായും വരഞ്ഞിട്ടുണ്ട്. അസുഖമായതിനാൽ അവൻ കുറച്ചുനാളായി അങ്ങനെ കളിക്കാൻ പോകാറില്ല. മരത്തിലേക്കുള്ള ആദ്യത്തെ നോട്ടത്തിൽ കൃതിക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. കുറച്ച് മുന്നോട്ട് നടന്ന് അവൻ ഒന്നുകൂടി നോക്കി. കൃതി ഞെട്ടിപ്പോയി! മരത്തിന്റെ ഏറ്റവും മുകളിലത്തെ ശിഖരത്തിൽ അവളിരിക്കുന്നു. കൃതി സമയത്ത് ഒരു സ്ത്രീയെ, അതും അലൗകിക സൗന്ദര്യമുള്ള ഒരുവളെ കണ്ട്  ഞെട്ടി, തിടുക്കത്തിൽ നടക്കാൻ തുടങ്ങി. പിറകിൽ നിന്നും അവളുടെ ശബ്ദം കേട്ടു : " എന്നെ വെട്ടിച്ച് എത്ര ദൂരം പോകും നീ ? " കൃതി നടുങ്ങി അവളെ തന്നെ നോക്കി നിന്നു. അവളുടെ ശബ്ദത്തിന്റെ ശക്തിയും മുഴക്കവും കാരണം ആളുകൾ ഉണരുമെന്നും തന്നെ പിടികൂടുമെന്നും അവൻ കരുതി. കൃതി പേടിച്ച് തിരിഞ്ഞുനടക്കാൻ തുടങ്ങി. സമയം അവൾ മരത്തിൽനിന്നും ചാടി അവന്റെ അടുത്തെത്തി.



  അവൾ സൗന്ദര്യമാണെന്നും അതിന്റെ ചൈതന്യം സത്യമാണെന്നും അവൻ മനസ്സിലാക്കി. ചില ചിത്രങ്ങളിൽ  മാത്രം മുൻപ് കണ്ടിട്ടുള്ള കഴിവുള്ള ഒരു ചിത്രകാരന്റെ ഭാവനയാണവൾ  എന്നവന് തോന്നി. തിടുക്കത്തിൽ പോകാൻ തുടങ്ങിയ അവനെ തടഞ്ഞുനിർത്തി അവൾ പറഞ്ഞു. " ഒളിച്ചുകളി ഇനി വേണ്ട. ഇനി മുതൽ ഞാനാണ് നിന്റെ കൂട്ടുകാരി. ഒരു രാത്രിയിൽ കണ്ട് പേടിച്ചുപിരിയാനുള്ളതല്ല നമ്മുടെ സൗഹൃദം. ഇനി നീ എന്നെ കാണും... എന്നെ കേൾക്കും. ഞാൻ നിന്നെയും ". ചില സിനിമകളിൽ മാത്രമേ കൃതി ഇങ്ങനെയുള്ള സംഭാഷണങ്ങൾ കേട്ടിട്ടുള്ളു. കാമുകീ കാമുകന്മാരുടേതുപോലുള്ള സംഭാഷണരീതി അവനെ പേടിപ്പിച്ചു. തന്നെക്കാൾ പത്തോ പതിനഞ്ചോ വയസ്സ് കൂടുതൽ പ്രായമുള്ള ഇവൾ ഇങ്ങനെ സംസാരിക്കുന്നത് നല്ലതിനല്ല. അവളുടെ നോട്ടം ഒരമ്മയുടേതല്ല. പെങ്ങളുടേതുമല്ല. മറ്റൊരു തരത്തിലുള്ള നോട്ടത്തെക്കുറിച്ചും അവനൊട്ട് അറിയുകയുമില്ല. എന്തായാലും ഇവൾ മലയാളമാണ് സംസാരിക്കുന്നത്. നീണ്ട പല്ലുകളുമില്ല. അപ്പോൾ സിനിമയിലും മറ്റും കാണുന്ന വെള്ള യക്ഷി അല്ല. അങ്ങനെ ആയിരുന്നെങ്കിൽ അവൾ ആദ്യമൊരു പാട്ടുപാടിയേനെ. പിന്നെ പേടിപ്പിക്കും. ഇവൾ ഒട്ട് പാടിയതുമില്ല പേടിപ്പിച്ചതുമില്ല. കൃതിയുടെ ഭയം  അൽപ്പാൽപ്പം കുറഞ്ഞുതുടങ്ങി. ഇവളോട് അടുക്കാമെന്നായി.

  അവൾ കൃതിയെയും കൂട്ടി ഒരു മൈതാനത്തിലെത്തി. അവിടെ ദൂരെ ദൂരങ്ങളോളം പരന്നുകിടക്കുന്ന പച്ചപ്പുല്ലുപോലും ഉറക്കമായിരുന്നു. കളികഴിഞ്ഞു പിള്ളേരും പോയി. ഇനി നമുക്കും ഉറങ്ങാം എന്നാണ്  അവറ്റകളുടെ നിലപാട് . മൈതാനത്തെ ചുറ്റി നിൽക്കുന്ന കവുങ്ങുകളും മുകളിലുള്ള ആകാശവും ഉറങ്ങി. ഉറങ്ങാത്ത രണ്ടുപേർ മാത്രം. അവളും കൃതിയും. അവളുടെ സംസാരത്തിന്റെ വശ്യത അവന്റെ പേടിയെ നിമിഷം പ്രതി മാറ്റിക്കൊണ്ടിരുന്നു. അവളുടെ കൂടെയിരുന്നപ്പോൾ, അവസാനത്തെ തുണ്ട് പേടിയും പോയപ്പോൾ കൃതിക്ക് തോന്നി ഇതിനുവേണ്ടിയാണ് താൻ ഇന്ന് രാത്രിയാത്രക്കിറങ്ങിയതെന്ന് . ഇതിനു വേണ്ടിയാണ് അവൻ ജനിച്ചതെന്ന്  മനസ്സിലാക്കാൻ ഇനിയും സമയം കിടക്കുന്നു. അവളോരോന്നും പറഞ്ഞുകൊണ്ടിരുന്നു. എല്ലാ ചോദ്യത്തിനും കൃതി നേരെ ചൊവ്വേ മറുപടിയൊന്നും  പറഞ്ഞില്ല.അവളുടെ മുഖത്ത് ഇപ്പോഴും ഒരു പുഞ്ചിരി കാണപ്പെട്ടു. അത് കാണുമ്പോൾ കൃതിക്ക് സംസാരിക്കാൻ തോന്നാറില്ല. അത് നോക്കിയിരിക്കാനേ തോന്നാറുള്ളൂ. നേരം വെളുക്കാറായെന്നും അവൾ പറഞ്ഞപ്പോഴാണ് കൃതിക്ക് മനസ്സിലായത്. ഇന്നിനി പൊയ്ക്കോളാനും നാളെ ഇവിടെ തന്നെ കാണണമെന്നും പറഞ്ഞു അവർ പിരിഞ്ഞു. കൃതി വീടണഞ്ഞു.

  തിരിച്ചു വന്നതിനുശേഷം അവൻ കുറച്ച്  ഉറങ്ങിക്കാണണം. രാവിലെ എഴുന്നേറ്റതുമുതൽ തലേ ദിവസത്തെ അനുഭവവും അതിന്റെ പുതിയ ഉണർവ്വുമായിരുന്നു അവന്റെ മനസ്സിൽ. അത്യാവശ്യം ഭക്ഷണം കഴിച്ച് അവൻ വീണ്ടും കിടന്നു. രാത്രിയിൽ അവളെ കാണാൻ വേണ്ട ഉണർവ്വ് ഇപ്പോഴേ സംഭരിക്കാനുള്ള തത്രപ്പാടിലായിരുന്നു അവൻ. പക്ഷെ അവനു ഉറക്കം വന്നില്ല. ചിന്തകൾ അവനെ ഉറങ്ങാൻ സമ്മതിച്ചില്ല. ഒടുവിലെപ്പോഴോ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ  സമയം വൈകിയിരുന്നു. രാത്രി അവളെ കാണാനായി കൃതി സ്വയം ഒരുക്കാൻ തുടങ്ങി. അന്ന് രാത്രിയും അവൻ ഉറങ്ങാതെ കിടന്നു. വളരെ വലിയ ഒരു ഹാൾ കടന്നാണ് പുറത്തേയ്ക്കിറങ്ങേണ്ടത് . കൃതി ഹാളിലെത്തിയതും ഒരു വവ്വാൽ അവനു ചുറ്റും ചിറകടിച്ച്  പറന്നു. സമയത്തെ അവന്റെയും ലോകത്തിന്റെയും നിശബ്ദദ അത് തകർത്തു . വവ്വാൽ പോയപ്പോൾ അവൻ വാതിൽ തുറന്ന് പുറത്ത് കടന്നു. ഇന്നും വാതിൽ ശബ്ദമുണ്ടാക്കി. അവൻ യാത്ര പറഞ്ഞു. ധൃതിയിൽ മൈതാനത്തിലെത്തി. അവൾ അവിടെ ഉണ്ട്. അവളുടെ രൂപം ദൂരെനിന്നേ അവൻ തിരിച്ചറിഞ്ഞു. നിറഞ്ഞ നിശബ്ദദയിൽ അവൾ നിന്നിരുന്നു. അവളുടെ വലിപ്പം വർദ്ധിച്ചിരുന്നു. അതെ രൂപവും പ്രായവുമാണെങ്കിലും അവളുടെ ആകാരം വലുതായിരിക്കുന്നു. ഇതൊരു പുതിയ സംഗതിയാണ് . ആളുകൾക്ക് പ്രായമാകും. പക്ഷെ ഒറ്റ ദിവസം കൊണ്ട് അര ആളുടെ പൊക്കം എങ്ങനെ വർദ്ധിക്കും. കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഇപ്പോൾ അവൾക്ക് ഒന്നരയാളുടെ പൊക്കമുണ്ടെന്ന് അവനു തോന്നി.

  ഇന്നവൾ വസ്തുക്കളുടെ പ്രത്യേക  അവസ്ഥയെക്കുറിച്ചും അതിന് ഒരു പ്രത്യേക സമയത്തോളം സംഭവിക്കാത്ത മാറ്റത്തെക്കുറിച്ചും സംസാരിച്ചു. " അങ്ങനെയാണെങ്കിൽ " അവൾ കൃതിയെ കളിയാക്കി തമാശമട്ടിൽ പറഞ്ഞു " നിനക്ക് മൂർച്ചയുള്ള ബ്ലേഡുകൊണ്ടുപോലും പുറം ചൊറിയാം. വസ്തുവിനെ അതിന്റെ യാഥാർത് സ്വഭാവത്തോടെ നാം വിശ്വസിക്കണമെന്നു മാത്രം". അവൾ പറഞ്ഞത് പലതും അവനു മനസ്സിലായില്ലെങ്കിലും അവളുടെ മുഖത്തെ ചിരി കാണാനും അവളുടെ കൈ പിടിക്കാനും അവന്  ഇഷ്ടമായിരുന്നു. അവളുടെ കൂടെ ഇരിക്കുമ്പോൾ അവന് അവളോട് ബഹുമാനം തോന്നുകയും അവൾ എല്ലാ അർത്ഥത്തിലും സൗന്ദര്യമാണെന്ന്  അവൻ മനസ്സിലാക്കുകയും ചെയ്തു. നക്ഷത്രങ്ങൾക്കും പിറകിലുള്ള സൗന്ദര്യം തനിക്ക് പുൽപ്പടർപ്പിൽ  കിട്ടുകയോ എന്നവന് തോന്നി.


   എല്ലാ ദിവസവും പ്രകാശമില്ലാത്ത ഒരു പകുതിക്കായി അവൻ കാത്തിരുന്നു. എല്ലാ രാത്രിയിലും അവൻ മൈതാനത്തിലെത്തി. ഓരോ രാത്രിയും കഴിയും തോറും അവളുടെ ആകാരവലിപ്പം കൂടിക്കൂടി  വന്നു. ഇന്നവൾ ഒരു മരത്തിന്റെ നാലാമത്തെ വലിയ ചില്ലയുടെ പൊക്കത്തിലാണെങ്കിൽ നാളെ അവളാ മരത്തിനു മുകളിൽ  ഉയരും. ദിവസങ്ങളുടെ പേരുകളും അവയുടെ ക്രമവും അവൻ  ഓർത്തില്ല. അതിന്റെ ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല. ഇന്നവൻ അവളോട് ആവശ്യപ്പെട്ടത് തന്നെ കാർട്ടൂൺ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് . വേറെ ആരെങ്കിലുമാണെങ്കിൽ കൃതിക്ക്  വട്ടാണെന്ന് പറഞ്ഞു ഒഴിവാക്കിയേനെ. പക്ഷെ ഇവൾക്ക് എന്തും ചെയ്യാൻ സാധിക്കും. അത് കൃതിക്ക് നന്നായി അറിയാം. ടിവിയിൽ മാത്രം കണ്ടിട്ടുള്ള കാർട്ടൂൺ ലോകം അവനു വളരെ ഇഷ്ടമാണ് . കാർട്ടൂൺ ലോകത്തെ സായാഹ്നത്തിൽ എത്തിപ്പെടാൻ അവൻ എത്ര കൊതിച്ചിട്ടുണ്ട്. അവൾ കൃതിയെ കൊണ്ടുപോയി . കാർട്ടൂൺ ലോകത്തെ ഓടിക്കളിയും ഉല്ലാസവും അവന്റെ ഹൃദയം നിറച്ചു. ശരീരം മുഴുവൻ ശുദ്ധവായു ഓടി. അവിടെ തിളച്ച ടാറിന്റെ മണമില്ല, പൊട്ടിയില്ല, അഴുക്ക് ചാലുകളുമില്ല. എങ്ങും വൃത്തിയും വെളിച്ചവും കാണാം. അവൾ അങ്ങ് ദൂരെ മാറി കിടന്നതേ ഉള്ളൂ. ഒരു കൈ തലയ്ക്ക് താങ്ങായി കൊടുത്ത് ഒരു രാജ്ഞിയുടെ   ഗമയോടെ അവൾ കിടന്നു. അവിടെ നിന്നും തിരിച്ചുവന്നതിനു ശേഷമുള്ള രണ്ടുമണിക്കൂർ ഉറക്കമാണ് അവന്റെ ജീവിതത്തിലെ ഏറ്റവും സുഖമുള്ള ഉറക്കം. പോകാൻ നേരത്ത് അവൾ പറഞ്ഞിരുന്നു. ഒരു യാത്ര പോകണം. ഒരുങ്ങി വരിക.

  അന്നത്തെ പകൽ സമയത്ത് അവൻ എല്ലാവരെയും കണ്ടു . അവന്റെ അമ്മ, അച്ഛൻ അങ്ങനെ എല്ലാവരെയും. എല്ലാവർക്കും തന്നോട് ഒരേ സ്നേഹം. എല്ലാവരും തന്നോട് സംസാരിക്കുന്നു. അവന്റെ ഹൃദയം ശക്തിയായി ഇടിച്ചു. വളരെ സന്തോഷം തോന്നി. അതോടൊപ്പം ഒരു കുസൃതിയും. അവൻ  എന്നും പുറത്ത് പോയിരുന്നതും അവളെ കണ്ടതും വീട്ടുകാർ അറിഞ്ഞില്ലല്ലോ എന്നത്. ഇന്നവന് ബോറടിച്ചതെ ഇല്ല. അതിനാൽ ഉറങ്ങിയതുമില്ല. എല്ലാത്തിലും ഒരു പുതിയ ഉണർവ്വ്. ഇരുട്ട് വ്യാപിക്കാൻ അവൻ കാത്തിരുന്നു. എല്ലാം ഇരുട്ടിന്റെ കറുത്ത കുടക്കീഴിലാക്കാൻ. ഇന്നാണാ വലിയ ദിവസം. ഇന്നൊരു യാത്ര പോകാനുണ്ട്.


  ഇരുട്ട് വന്നു. കൃതി പുറത്തിറങ്ങി. സൂത്രത്തിൽ എണ്ണ ഇട്ടിരുന്നതിനാൽ ഇന്ന് വാതിൽ  കരഞ്ഞില്ല. പുറത്ത് വന്നപ്പോൾ  ഒരു തെരുവ് പട്ടി. അത് എതിർ ദിശയിൽ പോകുകയായിരുന്നു. അവനെ കണ്ട് അവന്റെ കൂടെ കൂടി. മൈതാനത്തെത്തിയ അവൻ അവളെ കണ്ട് ഞെട്ടിയില്ല. അവൻ അത് പ്രതീക്ഷിച്ചതായിരുന്നു. മൈതാനം മുഴുവൻ നിറഞ്ഞു അവൾ കിടക്കുന്നു. അതെ സൗന്ദര്യം. അതെ വശ്യത. അവളുടെ  മുഖത്തെത്താൻ അവൻ അവളുടെ കയ്യിലൂടെ നടക്കാൻ തുടങ്ങി. കൈയ്യിലെ ഓരോ രോമത്തിലും അവന് അവന്റെ തന്നെ ഗന്ധം അനുഭവിക്കാൻ കഴിഞ്ഞു. കൈത്തണ്ടയിലെ ഞരമ്പിൽ ചെവിയോർത്തപ്പോൾ വലിയ ഇരമ്പൽ കേട്ടു .

അതിലെന്തോ ശക്തിയായി ഒഴുകുന്നുണ്ട്. " അവൻ ഓർത്തു. കൃതിയെ കണ്ടതോടെ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവളുടെ മുഖത്തിന്റെ അസാമാന്യ വലിപ്പം കാരണം അവൻ അത് കണ്ടില്ലെങ്കിലും മുഖത്തെ പേശികളുടെ ചലനം തന്റെ പ്രിയപ്പെട്ട പുഞ്ചിരിയുടെ വരവറിയിച്ചു. അവളുടെ രണ്ട് കണ്ണിലും ഒരേ സമയം നോക്കാൻ സാധിക്കാത്തതിനാൽ അവൻ ഒന്നിൽ മാത്രം ദൃഷ്ടി ഊന്നി. കൃതിയോടവൾ കൂടുതൽ ഒന്നും പറഞ്ഞില്ല. യാത്രയ്ക്കൊരുക്കമാണോ എന്നുമാത്രം ചോദിച്ചു. അവൻ ഒരുക്കമാണെന്ന് പറഞ്ഞെങ്കിലും സ്വന്തം വീട്ടിൽ ഒരിക്കൽ കൂടി പോകണമെന്നും അമ്മയെയും അച്ഛനേയും കാണണമെന്നും മോഹിച്ചു. പക്ഷെ അവൾ  തടഞ്ഞു. എല്ലാവരെയും നാടിനെത്തന്നെ മറന്നേക്കാൻ അവൾ അവനോട് പറഞ്ഞു. വളരെ നാളുകൾക്ക് ശേഷം കൃതിയുടെ കണ്ണുകൾ നിറഞ്ഞു. അവന് യാത്രയോട് അത്ര ഇഷ്ടം ഇപ്പോൾ തോന്നിയില്ല. അവന്റെ മനസ്സിൽ ഒരു പരവേശം നിറഞ്ഞു. പക്ഷെ അവൾ അവനെയും കൊണ്ട് പോയ് മറഞ്ഞു.



  രാത്രി കാലങ്ങളിൽ അവൾ മരത്തിന്റെ മുകളിലത്തെ ചില്ലയിൽ ഉണ്ടാകും. വിരസത മൂലം രാത്രിയിൽ അലയുന്നവർക്ക് അവൾ എന്നും കൂട്ടാണ് . അവർ കാൺകെ അവൾ വലുതാകും. അവളുടെ അനല്പമായ സൗന്ദര്യം കണ്ട്  അവൾക്ക് വേണ്ടിയാണ്‌  ജീവിച്ചതെന്നുപോലും അവർ ധരിക്കും.

No comments:

Post a Comment