Wednesday 4 December 2013

കയ്യിൽ ഒറ്റമീനുമായി നിൽക്കുന്ന മനുഷ്യൻ

ടാറിട്ട ഉപറോഡിന്റെ ഇനി പിരിയാനാവാത്തവിധം അറ്റമെത്തിനിൽക്കുന്ന കോണിൽ മെറ്റലും മണലും കുന്നുകൂടിക്കിടക്കുന്ന ഭൂമിയിൽ എനിക്ക് തൊട്ടടുത്ത് മീൻ വാങ്ങാനായി നിൽക്കുന്ന താടിക്കാരൻ ഒരാണാണ് . അയാളുടെ കയ്യിലെ പ്ലാസ്റ്റിക് കവറിൽ ഒരിടത്തരം മീൻ ചുരുട്ടിപ്പിടിച്ചിരിക്കുന്നു . "  എനിക്കിത് മതിയെന്നേ...." അയാൾ അടുത്തുനിൽക്കുന്ന പരിചയക്കാരനോട് പറഞ്ഞു . തൊട്ടടുത്ത് ഒരുകിലോ അയല തരാൻ പറഞ്ഞ് അതിനുവേണ്ടി കാത്തുനിൽക്കുന്ന എന്റെ ചെവിയിൽ "  എനിക്കിത് മതിയെന്നേ...." എന്ന അയാളുടെ വാക്കുകൾ കടുപ്പിച്ചു പറഞ്ഞ ഒരു തെറിവാക്കുപോലെ പതിച്ചു . 

 ഇവനെ എനിക്കറിയാം . ഇവനെ മാത്രമല്ല ഇവന്റെ അപ്പനേയും ഇവന്റെ അനിയനേയും എനിക്കറിയാം . എല്ലാവരും ആണുങ്ങളാണ് . ഇവനെപ്പോലെതന്നെ ഇവന്റെ അപ്പനും ഓട്ടോക്കാരനായ ഇവന്റെ അനിയനും താടി ഉണ്ട് . ഇവന്റെ അപ്പന്റെ താടി നരച്ചു . ഇവന്റെ നരച്ചുതുടങ്ങി . അനിയന്റെ ഇനിയും നരച്ചിട്ടില്ല . താടിയും അമിത മദ്യപാനം മൂലം ചുവന്ന കണ്ണുകളും ദുർമ്മേദസ്സില്ലാത്ത കരുത്തുറ്റ ശരീരവും ആണത്തത്തെ സൂചിപ്പിച്ചു .

 അവനവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു . പരിചയക്കാരനോടും മീൻകാരനോടും പിന്നെ എന്നോടുമെന്നവണ്ണം പുലമ്പുന്നു..." മീനിനൊക്കെ എന്നാ വെലയാ....ഒരെണ്ണത്തിനു മുപ്പതുരൂപാ...ഒന്ന് മതി....ഞാൻ മാത്രമേ കഴിക്കാനൊള്ളൂ . പെണ്ണുമ്പിള്ളക്ക് ഇതിലൊന്നും വല്യ താൽപര്യമില്ല...അവൾക്ക് എന്തേലും കഴിച്ച് കെടന്നാ മതിയെന്നേ ഉള്ളൂ " . ഇതും പറഞ്ഞ് അവൻ എല്ലാവരുടെയും മുഖത്ത് നോക്കി ചുമ്മാ ഇളിക്കാൻ തുടങ്ങി . എനിക്കവന്റെ ചിരി ഇഷ്ടപ്പെട്ടില്ല . എനിക്കവന്റെ മൂക്കിടിച്ച് രക്തം തെറിപ്പിക്കാനും വയറ്റിനു ചവിട്ടി വീഴ്ത്താനും കൊതി തോന്നി . മനസ്സിൽ നുരയിട്ടുപൊന്തിയ മുഴുത്തതെറി പുറത്തുവരാതിരിക്കാൻ ഞാൻ പാടുപെട്ടു . ഇതിനകം എനിക്കുള്ള മീൻ പ്ലാസ്റ്റിക് കവറിൽ മീൻകാരൻ കൈമാറി . പോരാൻ നേരം ചുമ്മാ ഞാൻ അവനെ നോക്കി . അവൻ ചിരിച്ചു . ഞാൻ ചിരിച്ചില്ല . ഞാൻ മനസ്സിൽ പറഞ്ഞു " എനിക്ക് നിന്നെ ഇഷ്ടമല്ലെടാ ചെറ്റേ.... " 

 ഞാൻ നടന്നു . കയ്യിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്ന ഒരു ചൂരമീനുമായി നിൽക്കുന്ന അവന്റെ വൃത്തികെട്ട മുഖം എന്റെ മനസ്സിൽ പതിഞ്ഞു . ഇനി അവൻ വീട്ടിലേക്ക് നടക്കും....ഞാൻ ഓർത്തു . പോകുന്ന വഴിക്ക് ടൗണിലെ സൂപ്പർമാർക്കറ്റിനടുത്തുള്ള ബിവറേജസിൽ നിന്നും വിലകുറഞ്ഞ ഏതെങ്കിലും അരക്കുപ്പിയും വാങ്ങി വീട്ടിലേക്ക്....ചെന്നുകേറുന്നതും വിലപ്പെട്ട ഒറ്റമത്സ്യം എങ്ങിനെ തയ്യാറാക്കണമെന്ന് ഭാര്യക്ക് അധികാരത്തോടെ മനസ്സിലാക്കിക്കൊടുക്കാൻ തുടങ്ങും . കൊടമ്പുളി ഇട്ടുവെക്കടീ ...തേങ്ങ അരച്ച് വെക്കടീ ....തേങ്ങാപ്പാലൊഴിച്ചു വെക്കടീ എന്നീ ഭീകര നിർദ്ദേശങ്ങൾ കേട്ട് പേടിച്ചുവിറച്ചു നിൽക്കുന്ന അന്നമ്മച്ചേടത്തി എന്നു പേരുള്ള  മെലിഞ്ഞുണങ്ങിയ ശരീരത്തെ അങ്ങേയറ്റം സഹതാപത്തോടെ ഞാൻ ഓർത്തു . മദ്യത്തിന്റെ തരിപ്പിൽ അവൻ പറയുന്നതും ചെയ്യുന്നതുമായ എല്ലാ വിക്രിയകളും ഓരോ ദിവസവും താണ്ടേണ്ടതായുള്ള നരകമായിക്കണ്ട് അവർക്ക് സഹിക്കേണ്ടി വരും .



 അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ കരയിലെടുത്തിട്ട മീൻപോലെ കിടന്നു പിടക്കാൻ തുടങ്ങി ...."  എനിക്കിതു മതിയെന്നേ....അവൾക്കിതിലൊന്നും താൽപര്യമില്ല....എന്തെങ്കിലും കഴിച്ച് കിടക്കണമെന്നേ ഉള്ളൂ " . രാത്രിയിൽ കെട്ടിയവന്റെ പരാക്രമങ്ങളൊക്കെ കഴിഞ്ഞ് 'എന്തെങ്കിലുംകഴിക്കാൻ അടുക്കളയിൽ കയറുന്ന അന്നമ്മച്ചേടത്തി മീൻചട്ടിയുടെ ഉള്ളിൽ ഒന്നുമില്ല എന്നറിഞ്ഞിട്ടും മൂടി പൊക്കി നോക്കുന്നതും അവസാനം എന്തെങ്കിലും കഴിച്ചെന്നുവരുത്തി കിടക്കാൻ തുടങ്ങുന്നതും ...ഒരിക്കലും തീരാത്ത ദാരിദ്ര്യത്തിന് തന്റെ തെറ്റുകൾ കൂടി കാരണമായിട്ടുണ്ടെന്ന് സ്വയം ശാസിച്ച് കിടന്നുറങ്ങുന്നതും എല്ലാം ഒരു സഹജീവിയോടുള്ള സ്നേഹത്തിൽ കുതിർന്ന വേദനയോടെ ഞാൻ ഓർത്തു . അപ്പോൾ ഓർമ്മയിൽ പൊന്തിവന്ന ഒറ്റമീൻ കയ്യിലേന്തിയ ആണിന്റെ ചിത്രത്തോട് ഞാൻ ചോദിച്ചു " ഒറ്റമീൻ മാത്രം വാങ്ങിയത് കഴിക്കാൻ ആളില്ലാത്തതുകൊണ്ടല്ലല്ലോ....നിന്റെ കയ്യിൽ ചില്ലിക്കാശ് ഇല്ലാത്തതുകൊണ്ടല്ലേ ? ഉണ്ടായിരുന്നെങ്കിൽ കുറെ ഏറെ ഒറ്റമീനുകൾ വാങ്ങി സ്വയം തിന്നുതീർക്കില്ലായിരുന്നോ ?  "