Tuesday 23 February 2016

ജലം



റോബര്‍ട്ട് വാതിൽക്കൽ ഒരു കസേരയിട്ടിരുന്നു. മഴയത്ത് കുട ചൂടിയും നനഞ്ഞും കുട്ടികള്‍ പൂളിലേക്ക് വന്നുകൊണ്ടിരുന്നു. കുട്ടികളെന്നും യുവാക്കളെന്നും വിളിക്കാവുന്ന പ്രായപരിധിയില്‍ പെട്ടവർ. അവര്‍ റോബര്‍ട്ടിനെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ തിരിച്ചും. പ്രത്യേകിച്ച് ഒന്നിലും ശ്രദ്ധിക്കാതെ അയാള്‍ കയ്യിലിരുന്ന ക്യാപ്പിൽ നോക്കിക്കൊണ്ടിരുന്നു. നീലനിറത്തിലുള്ള ക്യാപ്പ്. പൂളിന്‍റെ അതേ നിറം. ഇരുപത് ദിവസത്തെ നീന്തല്‍ പരിശീലന കോഴ്സാണ്‌. റോബര്‍ട്ട് വര്‍ഷങ്ങളായി ഈ സ്ഥാപനത്തിൽ നീന്തൽ പരിശീലകനായി ജോലി ചെയ്യുന്നു. അയാള്‍ക്ക് പ്രായമായി വരുന്നു. റോബര്‍ട്ട് കസേര മാറ്റിയിട്ട് വസ്ത്രം മാറാന്‍ അടുത്ത മുറിയിലേക്ക് കയറി. കുറച്ച് കുട്ടികൾ ആ മുറിയിലും വേറെ കുറച്ചുപേർ പുറത്തുമായി വസ്ത്രം മാറുന്നു. റോബർട്ട് വസ്ത്രം മാറി നീന്തലിനൊരുങ്ങി പൂളിനടുത്തേക്ക് നടന്നു.

  കുട്ടികളെ പഠിപ്പിക്കാനുപയോഗിക്കുന്ന ട്യൂബും മറ്റുമായി രാജേഷ് എതിരേ വരുന്നുണ്ടായിരുന്നു. അയാളെയും രാജേഷിനെയും കൂടാതെ രണ്ട് പരിശീലകർ കൂടി ഉണ്ട്. ഈ ബാച്ചിന്‍റെ ചുമതല ഇന്ന് റോബര്‍ട്ടിന്‍റേതാണ്‌. ഇതുവരെ കാണാത്ത ഒരു വസ്തുവിനെ നോക്കുന്നതുപോലെ റോബര്‍ട്ട് ആ ട്യൂബിനെ നോക്കി. അയാളുടെ മനസ്സിന്‌ ഉന്മേഷമുണ്ടായിരുന്നില്ല. സാധാരണ അയാള്‍ക്കിങ്ങനെ മടുപ്പ് തോന്നാത്തതാണ്‌. ഇന്നലെ കുടിച്ചിരുന്നു. അതല്ല കാരണം. ഇന്നലെ പറയത്തക്കവണ്ണം കൂടുതലായൊന്നുമില്ല. എല്ലാ ദിവസവും ഉള്ളതല്ലേ. ഒന്ന് ചാടിയാല്‍ ശരിയാകുമായിരിക്കും. അയാള്‍ ഡൈവ് ചെയ്യാനായി പൂളിന്‍റെ അരികത്തേക്ക് ചെന്നു. കുട്ടികള്‍ തയ്യാറായി വരുന്നതേ ഉള്ളൂ. അയാള്‍ പൊസിഷൻ ശരിയാക്കി. ചാടാന്‍ ഒന്നാഞ്ഞപ്പോൾ അടിവയറ്റില്‍നിന്നും ഒരാളല്‍. ഭയം...!

 നന്നേ ചെറുപ്പത്തിൽ നീന്തൽ പഠിച്ചതാണ്‌. അതുപിന്നെ ആവേശമായി, മത്സരമായി അവസാനം തൊഴിലുമായി. ഇക്കണ്ട കാലത്തൊന്നും ഇങ്ങനൊരു അന്താളിപ്പ് പറ്റിയിട്ടില്ല. വെള്ളത്തോടുള്ള ഈ പേടി...അയാളൊന്ന് പിറകോട്ട് മാറി. പേടി കലർന്ന ആശങ്ക. മനസ്സിന്‌ ഒന്ന് അയവു വരുത്തി വീണ്ടും ചാടാനായി നിന്നു. കാലു പറിയുന്നില്ല. അതേ പേടി അരിച്ചു കയറുന്നു. വെള്ളം നോക്കി നില്‍ക്കുംതോറും ഭയം കൂടുന്നു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌. അയാള്‍ക്ക് ദേഷ്യം വന്നു. ചാടുന്നതിനു പകരം ആഴം കുറഞ്ഞ സ്ഥലത്തുപോയിറങ്ങി രണ്ടു റൌണ്ട് നീന്തിയാലോ എന്നയാള്‍ ഓര്‍ത്തു. അതിനായി നടക്കുകയും ചെയ്തു. പെട്ടെന്നുതന്നെ ആ തീരുമാനം മാറ്റി. അയാള്‍ ഒരിക്കല്‍ക്കൂടി ചാടാനൊരുങ്ങി. കാലു പറിയുന്നില്ല. വയറ്റില്‍ ആ ആന്തല്‍ വീണ്ടും തലപൊക്കുന്നു. അയാളോര്‍ത്തു... ഇത് അവസാനമാണ്‌.

  റോബര്‍ട്ട് നേരെ സ്റ്റാഫ് റൂമിലേക്കുപോയി രാജേഷിനെ കണ്ടു. നല്ല തലവേദന ഉണ്ടെന്നും ഈ ബാച്ചുകൂടി നോക്കണമെന്നും പറഞ്ഞു. രാജേഷ് അയാളെ തെല്ലൊരു സംശയത്തോടുകൂടി നോക്കി. “ ഇന്നലെ കൂടിപ്പോയോ ചേട്ടാ...ഹാങ്ങ് ഓവർ ഉണ്ടോ ? വയ്യെങ്കില്‍ വീട്ടിലേക്ക് വിട്ടോ. ഇത് ഞാന്‍ നോക്കിക്കോളാം “. റോബര്‍ട്ട് ഒരു തളര്‍ന്ന ചിരി ചിരിച്ചു. “ ഏയ് അതൊന്നുമല്ലെടാ... ഒരു സുഖമില്ല. അത്ര തന്നെ “. അയാള്‍ പൂളിനടുത്ത് ഒരു കസേരയിട്ടിരുന്ന് വെള്ളത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

  കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉള്ള്‌ തിന്നുകൊണ്ടിരുന്ന സംഭവങ്ങൾ വീണ്ടും മനസ്സിലേക്ക് കയറിവന്നു. ഒപ്പം വായിലേക്ക് ഒരുതരം ദു:സ്വാദും. റീന പോയിട്ട് ഒരാഴ്ച്ച കഴിയുന്നു. ഇത്തവണ പോകരുതെന്ന് പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നെന്ന് തോന്നുന്നില്ല. സ്നേഹത്തോടെയുള്ള നിയന്ത്രണങ്ങളില്‍ നിന്നും ശാസനകളിൽ നിന്നും കാര്യങ്ങൾ ഒത്തിരി മുന്നോട്ട് പോയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഒരുതരം വെറുപ്പും ദേഷ്യവും അവളില്‍ കാണാൻ കഴിഞ്ഞു. റീന അല്ലായിരുന്നു അത്. അമ്പതുകഴിഞ്ഞ ഏതോ ഒരു സ്ത്രീ. തനിക്കറിയില്ലാത്ത ആരോ ഒരാൾ. ഒരുപക്ഷേ അവളും എത്രയോവട്ടം ഇതേ ചിന്തയെ പിന്തുടര്‍ന്നിട്ടുണ്ടാവും. താന്‍ മനസ്സിലാക്കിയിരുന്ന റോബര്‍ട്ട് അല്ലിത്. അയാള്‍ ഒത്തിരി മാറി എന്ന്. ഈ മനുഷ്യനെ എനിക്ക് അറിയില്ലെന്ന്. ശബ്ദം ഉയര്‍ന്നുയര്‍ന്നുവരുന്ന വൃത്തികെട്ട വഴക്കുകൾ, ദിവസങ്ങളും ചിലപ്പോള്‍ ആഴ്ച്ചകളും നീണ്ടുനില്‍ക്കുന്ന നിശബ്ദത. തങ്ങളെത്തന്നെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൊണ്ടിരിക്കേണ്ട ദുര്യോഗം, കുട്ടികളില്ലാത്ത നിരാശ. അയാള്‍ കാടുകയറി ചിന്തിക്കാൻ തുടങ്ങി. ദൃഷ്ടി വെള്ളത്തിൽ തന്നെ ഉറപ്പിച്ചിരിക്കുന്നു. തന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ജലം. ഇന്ന് തന്നെ ഭയപ്പെടുത്തിയ ജലം. “ റോബര്‍ട്ട് ഫുൾ വെള്ളമാണ്‌... അകത്തും പുറത്തും “.കൂട്ടുകാർ തമാശയ്ക്ക് പറയുമായിരുന്നു.

 രാജേഷ് ഇടയ്ക്ക് വന്ന് എന്തോ പറഞ്ഞിട്ടുപോയി. ശ്രദ്ധിക്കാന്‍ പറ്റിയില്ല. കുട്ടികൾ മുങ്ങിയും മുങ്ങാതെയും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അവളെ കുറ്റം പറയാന്‍ പറ്റില്ല. റോബര്‍ട്ട് ചിന്തിച്ചു. അവളൊത്തിരി ക്ഷമിച്ചു... സഹിച്ചു. ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു. മദ്യപാനം കുറയ്ക്കണം. നിര്‍ത്തണം എന്നുപോലും പറഞ്ഞില്ല. കുറയ്ക്കണം എന്നേ പറഞ്ഞുള്ളൂ. വലിയാണ്‌ പൂർണമായും നിര്‍ത്തണം എന്ന് വാശി പിടിച്ചത്. താന്‍ പലപ്പോഴും വാക്കുപറഞ്ഞു പറ്റിച്ചു. അതൊക്കെ ചിലപ്പോള്‍ സ്നേഹത്തോടെയുള്ള ക്ഷമാപണങ്ങളിലും മറ്റു ചിലപ്പോൾ അഹങ്കാരത്തോടെയുള്ള വാക്കുതര്‍ക്കങ്ങളിലും അവസാനിച്ചു. പരസ്പരം സഹിക്കാന്‍ വിധിക്കപ്പെട്ട നിരാശരായ രണ്ടാത്മാക്കൾ.

  അയാൾ പുറത്തേക്ക് നോക്കി. അടുത്ത ബാച്ച് സ്ത്രീകളുടേതാണ്‌. തണലത്തുമാറി നിന്ന് ഒരു യുവതി തന്നെത്തന്നെ നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. റോബര്‍ട്ട് തന്‍റെ ശരീരത്തെക്കുറിച്ച് ബോധവാനായി. നിരന്തരമായ നീന്തലും വ്യായാമവും കാരണം സുന്ദരമായൊരു ശരീരം അയാള്‍ക്കുണ്ട്. അതില്‍ തെല്ല് അഭിമാനവുമുണ്ട്. പലപ്പോഴായി ഇതുപോലെ കനമുള്ള നോട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ റീനയെ താന്‍ ചതിച്ചിട്ടില്ല. അയാള്‍ തെല്ലഭിമാനത്തോടെ ഓർത്തു. എന്നും അവള്‍ ഉണ്ടായിരുന്നു. അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ലാത്തൊരു ഒറ്റപ്പെടല്‍ അയാൾ അനുഭവിക്കാന്‍ തുടങ്ങി. അവിടെ നിന്നും ഇറങ്ങി ഓടണമെന്നും കുറെ കുടിക്കണമെന്നും ചിന്തിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴ, അതിന്റെ കൂടെ മദ്യവും ഇനിയും തുടങ്ങിയിട്ടില്ലാത്ത നീണ്ട ദിവസവും. കഴിക്കുന്നത് ഏകാന്തത കൂട്ടുകയേ ഉള്ളൂ എന്നയാള്‍ മനസ്സിലാക്കി. കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു.

   താനത്ര സുന്ദരിയല്ലെന്നൊരു അപകർഷതാബോധം റീനയ്ക്കുണ്ടായിരുന്നു. റോബര്‍ട്ടിന്‍റെ സൌന്ദര്യം അതിന്‍റെ ആഴം കൂട്ടി. വല്ലാതെ സ്നേഹപ്രകടനങ്ങൾ നടത്തുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു.
 എന്നെ മുത്തെ എന്നൊന്നും വിളിക്കെണ്ടാ... “
അയാള്‍ സ്നേഹത്തോടെ ചോദിക്കും “ അതെന്താ ?
“ ഞാന്‍ അത്ര സുന്ദരിയൊന്നും അല്ലെന്ന് എനിക്കറിയാം ”
അയാള്‍ ഒന്നുകൂടി അടുപ്പിച്ചുകൊണ്ട് പറയും “ നീ സുന്ദരിയാണ്‌. എന്‍റെ തിളങ്ങുന്ന രത്നമാണ്
“ അതെ...നിങ്ങള്‍ സ്നേഹിക്കുമ്പോൾ മാത്രം. “ അവള്‍ അയാളുടെ മുഖത്ത് നോക്കി പറയും. ആ സമയം കണ്ണിൽ പ്രണയം തെളിഞ്ഞുമിന്നും .
“ അല്ലാത്തപ്പോഴോ ? “
“ വെറും കല്ല്‌ “

അയാളുടെ കണ്ണ് നിറഞ്ഞു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ. അയാള്‍ പൂളിനരികിലേക്ക് നടന്നു. ആ പേടി ഇനിയും മാറിയിട്ടില്ല. ഇത് അവസാനമാണ്‌...ഇത് മരണമാണ്‌. അയാള്‍ ഓർത്തു. കൂടുതല്‍ ആലോചിക്കാതെ അയാള്‍ ഡൈവ് ചെയ്തു. ഡൈവ് ശരിയായില്ലെന്ന് വെള്ളം തൊട്ടപ്പോള്‍ തന്നെ മനസ്സിലായി. ഇതിലും വലിയ പരാജയം ഇനി സംഭവിക്കാനില്ല. മുകളിലേക്ക് പൊങ്ങരുതേ എന്നയാൾ ആശിച്ചു. മുകളില്‍ ഹൃദയം നുറുക്കുന്ന ഏകാന്തതയാണ്‌. റോബര്‍ട്ട് കണ്ണുകൾ ഇറുക്കി അടച്ചു. 

Friday 19 February 2016

തുടൽച്ചങ്ങല



കാലുകളില്ലാത്ത വേലപ്പന്‍ എന്നെ പിച്ച വെപ്പിച്ചു നടത്തിക്കുന്നതായി ഞാന്‍ പലപ്പോഴും സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ വേലപ്പന്‍ വേലപ്പനും ഞാന്‍ കുട്ടിയുമാണ്. സ്വപ്നത്തില്‍ വേലപ്പന് കാലുകളുണ്ട്. ഞങ്ങള്‍ തമ്മില്‍ അത്ര വലിയ പ്രായവ്യത്യാസമില്ലാ എന്നുള്ള വസ്തുത ഈ സ്വപ്നത്തെ വിചിത്രമാക്കുന്നു. വേലപ്പന്‍ എന്‍റെ ആരുമല്ല. സുഹൃത്ത്  എന്നുവേണമെങ്കില്‍ പറയാം. സുഹൃത്തുക്കളുടെ സുഹൃത്ത്‌ എന്നുപറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ അയാള്‍ എന്‍റെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഞാനും എന്‍റെ കുടുംബവും ഈ നാട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേ ഉള്ളൂ. വേലപ്പനെ പരിചയപ്പെട്ടിട്ടും ഏകദേശം അത്രയും കാലമായിട്ടുണ്ട്.

    തണുപ്പുനിറഞ്ഞ ആ വീട്ടിലേക്ക് ആദ്യം കയറിച്ചെല്ലുമ്പോള്‍ ഭാവിയില്‍ എന്നെ അമ്പരിപ്പിക്കുംവിധം ജീവിതാവബോധമുള്ള ഒരു വ്യക്തിയെയാണ്‌ ഞാന്‍ പരിചയപ്പെടാന്‍ പോകുന്നതെന്ന് അറിയില്ലായിരുന്നു. എന്‍റെ കൂടെ രവിയും ജോസഫുമുണ്ടായിരുന്നു. വേലപ്പന്‍റെ രണ്ട് അടുത്ത സുഹൃത്തുക്കൾ. ഞങ്ങള്‍ ചെല്ലുമ്പോള്‍ അയാള്‍ അയാളുടെ ഒഴിവുസമയ വിനോദമായ ശില്‍പനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ വേലപ്പന്‍റെ പ്രിയപ്പെട്ട അമ്മയും. പ്രായം അവരെ ക്ഷീണിതയാക്കിയിരുന്നു. പ്രായമോ ജീവിതവ്യഥകളോ ? വേലപ്പന് ഈ ലോകത്ത് സ്വന്തമെന്നുപറയാന്‍ അമ്മ മാത്രമേ ഉള്ളൂ. അവർക്ക്‌ ഞങ്ങള്‍ ചെല്ലുന്നത് ഇഷ്ടമാണ്‌... സന്തോഷമാണ്‌. വേലപ്പന്‍ ജന്മനാ വികലാംഗനല്ല. വർഷങ്ങൾക്കു മുൻപ് നടന്ന ഒരു അപകടത്തില്‍ രണ്ടുകാലുകളും നഷ്ടപ്പെട്ടതാണ്‌. ആദ്യത്തെ കുറേ നാളുകള്‍ വേദനയുടേതായിരുന്നു അമ്മയ്ക്കും മകനും. നിനച്ചിരിക്കാത്ത ദുരിതം. “ വിധി എന്ന് കരുതി സഹിക്കുക തന്നെ ” അന്നൊക്കെ അമ്മ പറയുമായിരുന്നു. “ ഉം... ” വേലപ്പന്‍ മൂളിക്കേള്‍ക്കും. ആ സമയം അയാളുടെ ദൃഷ്ടി താഴേയ്ക്കായിരിക്കും. നിലത്തെ വിള്ളലോ പൊട്ടുപൊടിയോ ലക്ഷ്യമാക്കി...

           ജോസഫ് കഥകള്‍ എടുത്തിടും ഇടയ്ക്കൊക്കെ. “ നീ ആ കഥ കേട്ടിട്ടില്ലേ? ”എന്ന് പറഞ്ഞ് അവന്‍ തുടങ്ങും. കഥകളിലൊക്കെ പ്രധാന കഥാപാത്രം വേലപ്പനാണ്‌. കൂട്ടുകാർക്കിട്ട് നല്ല പണികൊടുക്കാന്‍ വേലപ്പന്‍ മിടുക്കനാണ്‌. “ വേലവെക്കുന്നവന്‍ വേലപ്പന്‍ ”. പേര്‌ അങ്ങനെതന്നെ വന്നതാവാനാണ്‌ സാധ്യത. അയാളുടെ ശരിയായ പേരെന്തെന്ന് ഞങ്ങളെല്ലാം മറന്നിരുന്നു. മരപ്പണിക്കാരനായ വേലപ്പന്‍ കഴിയുന്നതുപോലെയൊക്കെ സമ്പാദിച്ചു. സൂക്ഷിച്ച് പണം ചിലവാക്കി. എന്നാല്‍ ഒഴിവുസമയങ്ങള്‍ കൂട്ടുകാരോടൊത്ത് തകർത്ത് ചിലവഴിക്കാനും അയാള്‍ പിശുക്ക് കാണിച്ചില്ല. മരപ്പണി ഇപ്പോഴുമുണ്ട്. ഇരുന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യും. അല്ലാത്ത സമയങ്ങളില്‍ മരം കൊണ്ട് പലതരം ശില്‍പങ്ങള്‍ ഉണ്ടാക്കും. പെണ്‍ രൂപങ്ങളെല്ലാം സുനിതയെ മനസ്സില്‍ കണ്ടാണ്‌ ചെയ്യുന്നതെന്നയാള്‍ പറയും. സുനിത ഇടയ്ക്ക് വീട്ടില്‍ ചെല്ലാറുണ്ട്. തണുതണുത്ത കറുത്ത തിണ്ണയിലിരുന്ന് അമ്മയോട് മണിക്കൂറുകളോളം സംസാരിക്കും. തൊട്ടപ്പുറത്ത് താന്‍ ജോലി ചെയ്യുന്ന മുറിയിലിരുന്ന് വേലപ്പന്‍ ഇതെല്ലാം കേള്‍ക്കും. അമ്മയ്ക്ക് ആ പെണ്കുട്ടിയെ ഇഷ്ടമാണ്‌. മകന്‌ അതിലേറെ ഇഷ്ടമാണ്‌ . മകനോട് സംസാരിക്കാന്‍ വാക്കുകള്‍ വേണ്ടിവരാറില്ല എന്നുമാത്രം. 

  ശനിയാഴ്ച്ചയാണ്‌ ഞങ്ങളുടെ വലിയ ദിവസം. ലഹരി നിറഞ്ഞ സൗഹൃദം നിറഞ്ഞ ശനിയാഴ്ച്ചകള്‍. കൂട്ടത്തില്‍ ഞാന്‍ മാത്രമേ മദ്യപിക്കാത്തതായുള്ളൂ. അതുകൊണ്ട് ഞാനാണ്‌ റഫറി. സ്നേഹത്തോടെയുള്ള വഴക്കുകള്‍ക്കും വാക്കുതർക്കങ്ങൾക്കും മധ്യസ്ഥത വഹിക്കുന്നയാള്‍. റമ്മാണ്‌ വേലപ്പനിഷ്ടം. അതില്‍ പെപ്സിയോ കോളയോ ചേർക്കാതെ സോഡ ചേർത്ത് കഴിക്കുന്നതാണ് പുള്ളിയുടെ രീതി. ശനിയാഴ്ച്ച വൈകുന്നേരമാകുമ്പോഴേക്കും ജോസഫ് ഇതൊക്കെ റെഡിയാക്കിയിട്ടുണ്ടാവും. അതവന്‍റെ ഉത്തരവാദിത്തമാണ്‌. ഇങ്ങനെയുള്ള ദിവസങ്ങളില്‍ വേലപ്പന്‍റെ അമ്മ നേരത്തെ ഉറങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. എത്ര ബഹളം കേട്ടാലും മുഖം കറുപ്പിക്കില്ല. മകന്‍റെ സന്തോഷമാണ്‌ അവർക്ക് വലുത്. അത് കണ്ടാല്‍ സന്തോഷത്തോടെ ഉറങ്ങാമെന്നായി. സംസാരവും വാക്കുതർക്കങ്ങളും വെളുക്കുവോളം നീളും. എത്ര വൈകിയാലും ഞാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കാറുണ്ട്. രവിയും ജോസഫും മടങ്ങിയാലായി ഇല്ലെങ്കിലായി. വിഷയങ്ങള്‍ മാറിമാറി കയറിവരും സംഭാഷണത്തിനിടയില്‍. ജീവിതത്തെ തൊടുന്നതും അല്ലാത്തതുമായ വിഷയങ്ങള്‍. പെണ്ണുങ്ങളെക്കുറിച്ചുപറയുമ്പോള്‍ ശബ്ദം താഴും. അത്തരം വിഷയങ്ങളില്‍ രവിയ്ക്കാണ്‌ താല്‍പര്യം കൂടുതല്‍. ജോസഫും കൂടും. വേലപ്പന്‍ പതിയെ വലിയുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. തന്‍റെ വൈകല്യത്താലുണ്ടായ അപകർഷതാബോധമാണിതെന്ന് ഞാന്‍ ഊഹിച്ചു. അയാള്‍ക്ക് ആകെ സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്ന സ്ത്രീവിഷയം സുനിതയാണ്‌. അതാണെങ്കില്‍ മദ്യസദസ്സിലേക്ക് വലിച്ചിഴയ്ക്കാറുമില്ല. ലഹരി ഇറങ്ങുകയോ സംസാരിച്ച് മടുക്കുകയോ ചെയ്യുമ്പോള്‍ എല്ലാവരും ചുരുളാന്‍ തുടങ്ങും. ഞാന്‍ വേലപ്പനോട് യാത്ര പറയാതെ പിരിയാറില്ല.

    അനിശ്ചിതത്വത്തിന്‍റെയും ആശങ്കകളുടെയും നാളുകളായിരുന്നു എനിക്ക് അന്നൊക്കെ. ഒരു ജോലിയായിരുന്നു ആവശ്യം. സാമ്പത്തികമായ ബുദ്ധിമുട്ടുകളും സ്വതവേയുള്ള ഭയാശങ്കകളും എന്നെ ഞെരുക്കാന്‍ തുടങ്ങി. ഒരിക്കലും പുറത്ത് വരാന്‍ പറ്റാത്ത ഒരു കുഴിയില്‍ അകപ്പെട്ടതുപോലെ പലപ്പോഴും തോന്നാറുണ്ടെന്ന് ഞാന്‍ വേലപ്പനോട് പറയാറുണ്ട്. അയാളുടെ തണല്‍ വിരിച്ച നിലം കീറിയ ചെറിയ വീട്ടില്‍ ഒരു കട്ടന്‍ ചായയുടേയോ മറ്റോ അകമ്പടിയോടെ പലവിധ സംസാരങ്ങളുമായി ഞങ്ങള്‍ മണിക്കൂറുകളോളം ചിലവഴിക്കാറുണ്ട്. ആ സമയങ്ങളില്‍ വേറെ ആരും കാണാറില്ല. കുറച്ചുകൂടി ഗൌരവമുള്ളതും ആഴത്തിലുള്ളതുമായ അത്തരം സംഭാഷണങ്ങളില്‍ മറ്റാരുടേയും സാന്നിധ്യം ഞാനോ വേലപ്പനോ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്‌ സത്യം. അയാള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കും... വേദനയെക്കുറിച്ച് സംസാരിക്കും. എങ്കിലും അവിടെ നിന്നും പോകുമ്പോള്‍ ഒരു ദിവസത്തെക്കൂടി അഭിമുഖീകരിക്കാന്‍ തക്കവണ്ണം ധൈര്യം തന്നേ വേലപ്പന്‍ എന്നെ വിടാറുള്ളൂ. രണ്ടുകാലുകളും നഷ്ടപ്പെട്ട, ചലന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വേലപ്പന്‍ എന്ന മുപ്പത്തഞ്ചുകാരന്‍ പൂർണ ആരോഗ്യവാനും തന്നേക്കാള്‍ എത്രയോ ചെറുപ്പവുമായ എന്നെ ആത്മവിശ്വാസം തന്ന് വഴി നടത്തിക്കുന്നു. എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി. വേലപ്പനെ ഇനി ചിരിച്ച മുഖത്തോടെ മാത്രമേ സമീപിക്കൂ എന്ന് ഞാന്‍ തീരുമാനിച്ചു.

   എന്‍റേതായ പ്രശ്നങ്ങളില്‍ പെട്ട് തിരക്കിലായിരുന്നു. എങ്കിലും വാർത്തകൾ ഞാന്‍ മുറയ്ക്ക് അറിയുന്നുണ്ടായിരുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകൾ. വേദനയുണ്ടാക്കുന്ന വാർത്തകൾ. സുനിതയുടെ കല്യാണം മറ്റൊരാളുമായി ഉറപ്പിച്ചു. വേലപ്പന്‌ നഷ്ടപ്പെടും എന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ അയാള്‍ അതിന്‌ ഒരുക്കമായിരുന്നു എന്ന് തോന്നി. സംഭാഷണങ്ങളില്‍ അവളുടെ പേര്‌ ഒഴിവാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. എങ്കിലും പറയാന്‍ മടി തോന്നുന്ന ദുരന്ത വാർത്ത പോലെ സുനിത എന്ന മെലിഞ്ഞു നീണ്ടവള്‍ ഇടയ്ക്കെങ്കിലും തല പൊക്കാറുണ്ട്. ആ സമയങ്ങളിലൊക്കെ വേലപ്പന്‍ വല്ലാതെ നിശബ്ദനാകാറുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും അത് മാത്രം അയാള്‍ക്ക് മറച്ചു വയ്ക്കാനായില്ല. എല്ലാവർക്കും ധൈര്യം നല്‍കുന്ന വേലപ്പന്‍ ഇങ്ങനെ തകരുന്നത് എന്നില്‍ വേദന ഉണ്ടാക്കി. ജീവിതത്തിന്‍റെ ഒരേയൊരു പ്രതീക്ഷ അവളായിരുന്നോ ? അങ്ങനെ ആയിരിക്കരുതേ എന്ന് ഞാന്‍ പ്രാർത്ഥിച്ചു. അത് ദുരന്തമായിരിക്കും എന്നെനിക്കറിയാമായിരുന്നു. എന്നെക്കൊണ്ട് പറ്റുന്നപോലെയൊക്കെ ഞാന്‍ അയാളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. പതിയെ ആണെങ്കിലും എനിക്കതിനു സാധിക്കും എന്ന് ഞാന്‍ കരുതി.

   ജോലി അന്വേഷണത്തിന്‍റെ ഭാഗമായും മറ്റും എനിക്ക് നാട്ടില്‍ നിന്നും അല്‍പകാലത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു. ജോലി ഒരെണ്ണം ശരിയാവുകയും ചെയ്തു. തിരിച്ചുവന്ന് ആ സന്തോഷവാർത്ത വേലപ്പനോട് പറയാന്‍ തിടുക്കമായി. അയാളാണല്ലോ ഈ കാര്യത്തില്‍ എനിക്ക് ഏറ്റവും അധികം ധൈര്യം തന്നിട്ടുള്ളത്. പക്ഷേ തിരിച്ചുവന്നപ്പോള്‍ കേട്ടത് വേലപ്പന്‍റെ മൌനത്തെക്കുറിച്ചാണ്‌. പറഞ്ഞത് രവിയും. രവിയെ കൂട്ടി വേലപ്പനെ കാണാന്‍ പോകാനായിരുന്നു തീരുമാനം. “ വേലപ്പന്‍ വല്ലാതെ ഉള്ളിലേക്ക് വലിയുന്നുണ്ട്. സംസാരിക്കാനൊക്കെ താല്‍പര്യം കുറഞ്ഞതുപോലെ ” രവി പറഞ്ഞു.
“ ആ കല്യാണം. അത് പുള്ളിയെ നന്നായി ബാധിച്ചിട്ടുണ്ട്. പിന്നെ കാലിന്‍റെ വയ്യായ്ക. നമ്മള്‍ അറിയാതെ എന്തെങ്കിലും മനസ്സിലിട്ട് കൊണ്ടുനടക്കുന്നുണ്ടാകുമോ... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിഞ്ഞില്ലെങ്കില്‍ പ്രശ്നമാണ്‌. “ ഞാന്‍ പറഞ്ഞു നിർത്തി.

“ ഏയ്... അങ്ങനെ ഒന്നും ഇല്ല. പുള്ളിയുടെ മുഖത്ത് നിരാശ ഇല്ല. അല്‍പ്പം വേദന ഉണ്ടെങ്കില്‍ ഉണ്ട്. പക്ഷേ അത് നീ പറയുന്നപോലെ അല്ല. പുള്ളിക്ക് എന്തോ പുതിയ അറിവു ലഭിച്ചതുപോലെ. മുറിയില്‍ നിന്നും പുറത്തേക്കു വരുന്നത് കുറവാണെന്നതൊഴിച്ചാല്‍ സംസാരത്തിലൊക്കെ നല്ല ആഴം ഉണ്ട്. മുഖത്ത് നല്ല തെളിച്ചം ഉണ്ട്. അതുകൊണ്ട് അങ്ങനെ പേടിക്കാനൊന്നും ഇല്ല. പിന്നെ എന്തോ നിർമ്മാണത്തിലാണെന്ന് അമ്മ പറഞ്ഞു. എന്തോ കാര്യമായിട്ട് നിർമ്മിക്കുന്നുണ്ട് വേലപ്പന്‍ കുറച്ച് നാളായിട്ട്. വല്ല ശില്‍പ്പവുമായിരിക്കും. “

“ എന്ത് ശില്‍പ്പം?
“ അതെനിക്കറിയില്ലെടാ... ആരെയും കാണിക്കുന്നില്ല. മുറിയുടെ ഒരു മൂലയില്‍ മൂടി വെച്ചിരിക്കുന്നു. മുറിയിലേക്ക് ആരെയും കയറ്റുന്നുമില്ല. ഈ പൂച്ച ഒക്കെ പെറ്റു കിടക്കുന്ന അവസ്ഥ ഇല്ലേ... “ രവി ചിരിക്കാന്‍ തുടങ്ങി.

   രവി പറഞ്ഞ കാര്യങ്ങള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷേ ജോലി സംബന്ധമായ തിരക്കുകള്‍ എന്‍റെ ശ്രദ്ധ ഈ വിഷയത്തില്‍ നിന്നും തിരിച്ചു. ജോലി സംബന്ധമായ കൂടിക്കാഴ്ച്ചകളും ഒരുക്കങ്ങളും ഒരു വശത്ത്. ജോലി തുടങ്ങിയാല്‍ ടൌണിലേക്ക് മാറിത്താമസിക്കേണ്ടി വരും. അങ്ങനെയാണെങ്കില്‍ അമ്മയേയും അനിയത്തിയേയും കൂടെ കൊണ്ടുപോകേണ്ടി വരും. അതിന്‍റെ നെട്ടോട്ടം മറുവശത്ത്. ഇതിനിടയില്‍ ഞാന്‍ രണ്ടുവട്ടം വേലപ്പനെ കാണാന്‍ ചെന്നു. പക്ഷേ കാണാന്‍ പറ്റിയില്ല. കാണാന്‍ കൂട്ടാക്കാത്തതല്ല. വേലപ്പന്‍ വ്രതം പോലെ ജോലിയില്‍ മുഴുകിയിരിക്കുന്നു. അയാള്‍ക്ക് അതില്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അതിനു അനുവദിക്കുന്നതല്ലേ നല്ലത് എന്നുകരുതി തിരിച്ചുപോന്നു. രണ്ടാമത് പോയിവന്നതിന്‌ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ജോസഫ് പറഞ്ഞു വേലപ്പന്‍ എന്നെ അന്വേഷിച്ചിരുന്നു എന്ന്. ഒന്നവിടം വരെ ചെല്ലാന്‍.

  അങ്ങനെ നാളുകള്‍ക്കുശേഷം ഞാന്‍ വേലപ്പനെ കണ്ടു. അയാള്‍ വീടിന്‍റെ തിണ്ണയില്‍ ഇരിക്കുകയാണ്‌. ഞങ്ങള്‍ക്കിടയിലുണ്ടായ മാസങ്ങളുടെ വിടവ്‌ ഒന്നും അയാളെ ബാധിക്കാത്തതുപോലെ. പക്ഷേ പറഞ്ഞുതുടങ്ങിയത് അതേ വിഷയം തന്നെ ആണ്‌. “ കുറേ നാളായല്ലേ നമ്മള്‍ കണ്ടിട്ട്. ജോലി ശരിയായ കാര്യം ഞാന്‍ അറിഞ്ഞു. അങ്ങോട്ട് തന്നെ താമസം മാറ്റേണ്ടി വരുമല്ലേ ? “

“ വേണ്ടിവരുമെന്നാ തോന്നുന്നത്. എങ്കിലും ഞാന്‍ ഇടയ്ക്ക് വരും. നിങ്ങളെ ഒക്കെ കാണാന്‍. “

“ അത് വേണം. തീർച്ചയായും വരണം. “
    ഞങ്ങളുടെ സംസാരം രാത്രിയിലേക്കും നീണ്ടു. കുറെ നാളായി അയാള്‍ ആരോടെങ്കിലും ഇത്ര നേരം അടുപ്പിച്ച് സംസാരിച്ചിട്ടെന്നെനിക്ക് തോന്നി. എല്ലാ വിഷയങ്ങളും സംസാരത്തില്‍ വന്നുപോയി. വേദനിപ്പിച്ചവരും കൂടെനിന്നവരും... നല്ലതും ചീത്തയും എല്ലാം. ജീവിതം പങ്കുവെക്കണം എന്ന് ആഗ്രഹിച്ചിരുന്നവരുടെ കാര്യം ഉള്‍പ്പടെ. അതൊന്നും അയാളെ ഇപ്പൊ അധികം അലട്ടുന്നതായി തോന്നുന്നില്ല. കാലിന്‍റെ വൈകല്യം പോലും. ഒരു പുതിയ ആളായിരിക്കുന്നു വേലപ്പന്‍ എന്നെനിക്ക് തോന്നി. രവി പറഞ്ഞ തെളിച്ചം മുഖത്ത് ശരിക്കും ഉണ്ട്.

“ എന്തോ നിർമ്മാണത്തിലാണെന്ന് രവി പറഞ്ഞു... വല്ല ശില്‍പ്പവുമാണോ? “  ഞാന്‍ പകുതി കാര്യമായും പകുതി തമാശയായും ചോദിച്ചു.

“ ഇതെന്‍റെ ഏറ്റവും മികച്ച സൃഷ്ടിയായിരിക്കും. പൂർത്തിയാകുമ്പോൾ നീ അറിയാതിരിക്കില്ല. “ കാണാന്‍ രസമുള്ള ഒരു പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു. ആ മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞുമിന്നി. ഞങ്ങള്‍ പുലർച്ചയാകുവോളം സംസാരിച്ചു. യാത്ര പറഞ്ഞു പിരിയാന്‍ നേരം അയാളെന്‍റെ കൈ പിടിച്ചു ചോദിച്ചു.
“ സ്വാതന്ത്ര്യത്തെക്കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ... എന്നു വെച്ചാല്‍ യഥാർത്ഥ സ്വാതന്ത്ര്യത്തെക്കുറിച്ച്. ഒരു വ്യക്തിയിലോ ഒരു ജോലിയിലോ ഒരു ചിന്താധാരയിലോ തളച്ചിടപ്പെടാത്ത സ്വാതന്ത്ര്യം എന്ന അമൃത്. നമ്മളൊക്കെ സ്വതന്ത്രരായല്ലേ ജനിച്ചുവീണത്. പിന്നെ നമുക്കെന്തുപറ്റി. ചിന്തിച്ചിട്ടുണ്ടോ നീ ?  

   അതിനുള്ള മറുപടി എന്‍റെ കയ്യില്‍ ഇല്ലായിരുന്നു. അതിനുള്ള മറുപടി അയാള്‍ പ്രതീക്ഷിച്ചതുമില്ല. അയാള്‍ക്കത് ചോദിക്കണമെന്നു തോന്നി. ചോദിച്ചു,. ഒരു ചിരിയില്‍ അയാള്‍ തന്നെ അത് ഒതുക്കി. ഞാന്‍ വീട്ടിലേക്ക് പോന്നു. അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരുന്നു. എനിക്ക് ജോലിസ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടി വന്നു.

   മാസങ്ങള്‍ക്കുശേഷം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. ജോസഫായിരുന്നു വിളിച്ചത്. വല്ലാത്തൊരു ആകാംഷയും ഭയവും കലർന്ന ശബ്ദത്തിലാണ്‌ അയാള്‍ സംസാരിച്ചത്. “ വേലപ്പന്‍ പോയി “: ഇതായിരുന്നു വിഷയം. പോയി എന്ന് പറഞ്ഞത് മരിച്ചു എന്ന അർഥത്തിലല്ല. ശരിക്കും അയാള്‍ ഇന്ന് ആ നാട്ടിലില്ല. അയാളും അയാളുടെ അവസാന സൃഷ്ടിയും ഒരുമിച്ചാണ്‌ അപ്രത്യക്ഷമായിരിക്കുന്നത്. അതെന്താണെന്ന് ഇന്നും ആർക്കും അറിയില്ല. വിചിത്രമായ പല കഥകളും നാട്ടില്‍ ഇതിനെ ചുറ്റിപ്പറ്റി പ്രചരിച്ചിട്ടുണ്ട്. ആരും ഒന്നും വിശ്വസിച്ചിട്ടില്ല. ആരും വിശ്വസിക്കാതിരുന്നിട്ടുമില്ല. രണ്ടുകാലും വയ്യാത്ത ഒരാള്‍ വെറുതെ അങ്ങനെ പോകില്ലല്ലോ. ആ വസ്തു... അതെന്തായാലും വേലപ്പന്‍റെ സ്വാതന്ത്ര്യമാണെന്ന് കരുതാനാണ്‌ ഞാന്‍ ഇഷ്ടപ്പെട്ടത്. അയാള്‍ ഒരുപാട് കൊതിച്ച സ്വാതന്ത്ര്യം അയാള്‍ക്ക് ലഭിക്കട്ടേ എന്നുമാത്രം ഞാന്‍ ആശിക്കുന്നു. വേലപ്പനെ ഒരിക്കലും മറക്കാനാവില്ല എന്നുമാത്രം എനിക്കറിയാം. 

  രണ്ടുകാലുകളുമില്ലാത്ത വേലപ്പന്‍ എന്നെ പിച്ചവെപ്പിച്ചുനടത്തിക്കുന്നതായി ഇപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. സ്വപ്നത്തില്‍ അയാള്‍ക്ക് കാലുകളുണ്ടായിരുന്നു.