Wednesday 14 May 2014

തെരുവ്

ബസ് സ്റ്റോപ്പിലേക്കെത്തിയപ്പോഴേക്കും ഞാൻ നന്നായി വിയർത്തിരുന്നു . ഇട്ടിരുന്ന ഷർട്ട് വിയർപ്പോടുകൂടി ശരീരത്തോട് ഒട്ടി . ബസ് പിടിക്കാതെ നടക്കാം എന്ന് കരുതിയപ്പോൾ ഇത്ര ദൂരം പ്രതീക്ഷിച്ചിരുന്നില്ല . നഗരത്തിന്റെ ഒരിടുങ്ങിയ മൂലയിലാണ്  ബസ് സ്റ്റോപ്പ് നിന്നിരുന്നത് . അതിനാൽ തന്നെ എണ്ണം പെരുകിയ വണ്ടികൾ അതിലെ കുത്തിത്തിരുകി പായാൻ തുടങ്ങി . ഒരു അപകടം എപ്പൊ വേണമെങ്കിലും സംഭവിക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നത് . സന്ധ്യയായില്ലെങ്കിലും അന്തരീഷം ഇരുളാൻ തുടങ്ങി . ഞാൻ നടന്നുകൊണ്ടിരുന്നപ്പോൾ ഇരുളാൻ തുടങ്ങിയ ആകാശം ഇപ്പൊ ഏതാണ്ട് മുഴുവനായും കറുത്തു . എപ്പൊ വേണമെങ്കിലും ഒരു വലിയ മഴ പ്രതീക്ഷിക്കാം . 


  ദൂരേക്ക് നോക്കുമ്പോൾ വസ്തുക്കളെല്ലാം ഇരുളിമയുടെ പരിധിവിട്ട് പോകാൻ ഭയക്കുന്നതുപോലെ തോന്നി . ആകെ ഒരു ബഹളം . എന്നും ഇവിടിത്ര തിരക്കുണ്ടാകുമോ അതോ മഴയ്ക്കുള്ള സാധ്യതയുള്ളതുകൊണ്ട് കൂടണയാനുള്ള മനുഷ്യരുടെ തിടുക്കമാണോ  കാണുന്നത് . എല്ലാവരും പായുന്നു . എന്തായാലും മഴയുടെ മുന്നോടിയായുള്ള തണുത്ത കാറ്റ് എന്റെ ശരീരം അൽപം തണുപ്പിച്ചു . എന്തൊരു ബഹളം.....കറുപ്പ് കീറിമുറിച്ചുകൊണ്ടുള്ള ബസ്സുകളുടെ വരവ് മനസ്സിൽ ഭീതി ഉണ്ടാക്കുന്നു . ഇടുങ്ങിയ റോഡിൽ ബൈക്ക് യാത്രക്കാരെ ഇടിക്കാതിരിക്കാനായി ബസ്സ് ഡ്രൈവർമാർ അവരുടെ ഡ്രൈവിങ്ങ് പാടവവും അൽപം ശകാരപ്രയോഗങ്ങളും ഉപയോഗിക്കുന്നു . എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് പറയുന്നു . എന്തായിരിക്കും സംഭവിക്കുക . ഒരു ആക്സിഡെന്റ് ആയിരിക്കുമോ...അതോ ഒരു വാക്കുതർക്കം മൂത്ത് അടിയിൽ കലാശിക്കുമോ . ഇന്ന്  ബഹളത്തിൽ സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കാൻ പോകുന്നു . ഞാൻ ബസ്സ് വരുന്ന ദിക്കിലേക്ക് നോക്കി . ഇരുളിമ കൂടി . സന്ധ്യ ആകാറായി . അതോടൊപ്പം മഴക്കാറും കൂടിയായപ്പോൾ ഇരുട്ടിന്റെ ഒരു വലിയ മതിൽ  നഗരകോണിൽ രൂപപ്പെട്ടതുപോലെ തോന്നി . ഒരുതരം ഭയം എന്നെ ഗ്രസിക്കാൻ തുടങ്ങി . തൊട്ടടുത്ത് നിന്നിരുന്ന സ്കൂൾ കുട്ടികൾ ആഹ്ലാദത്തോടെ പരസ്പരം തമാശകൾ പറഞ്ഞ് ചിരിക്കാൻ തുടങ്ങി . എന്തുകൊണ്ട് എനിക്കങ്ങനെ ചിരിക്കാൻ കഴിയുന്നില്ല എന്ന് ഞാൻ ആലോചിച്ചു . ഒരിക്കൽ ഞാനും കുട്ടിയായിരുന്നു എന്ന് ചിന്തിച്ച് കുട്ടിക്കാല ഓർമ്മകളിലേക്ക് കാടുകയറാൻ തുടങ്ങി . എന്നാൽ അധികം കഴിയും മുന്നേ ചിന്ത മുറിഞ്ഞു . ഒരു ബസ്സ് പേടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോടെ സഡൻ ബ്രേക്കിട്ട് നിർത്തി . ബസ്സിനു മുന്നിലായി ഒരു ബൈക്ക് യാത്രക്കാരൻ പേടിച്ചരണ്ട് നിൽക്കുന്നു . ബസ്സ് ഡ്രൈവർ  ചെറുപ്പക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട് . അവന്റെ ഞെട്ടൽ മാറിയിട്ടില്ല . അവിടെ ഉണ്ടായിരുന്ന ആൾക്കാരെല്ലാം പിറുപിറുക്കാൻ തുടങ്ങി . ചെക്കൻ ഇപ്പൊ തീർന്നേനെ എന്നും ഇപ്പോഴത്തെ ചെറുപ്പക്കാർക്കൊന്നും ഒരു ശ്രദ്ധയുമില്ല എന്നുമൊക്കെ അവർ പരസ്പരം പറയാൻ തുടങ്ങി .

ഞാൻ ഒന്ന് ആശ്വസിച്ചു . ഇതായിരിക്കുമോ  അപകടം ....അപ്പൊ അത് തീർന്നോ....ആർക്കും ഒന്നും പറ്റിയില്ല . എന്നാൽ എന്റെ മനസ്സിൽ കാർമേഘം ഇരുണ്ടുകൂടാൻ തുടങ്ങി . ഇതല്ലല്ലോ . ഒരു മുഖം...ആൾക്കൂട്ടത്തിൽ പരിചയമുള്ള ഒരു മുഖം പൊന്തിവരുമോ..."ഡാ , നീ എന്താ ഇവിടെ " എന്നൊക്കെ ചോദിച്ച് . സാധ്യത കുറവാ . എന്നെ ഇവിടെ അങ്ങനെ ആർക്കും അറിയില്ലല്ലോ . എന്നാൽ ഇപ്പോൾ ഒരു പരിചയക്കാരനെ കണ്ടുകിട്ടിയാൽ സംസാരിക്കാമായിരുന്നു . എപ്പോഴും അങ്ങനെ തോന്നാറില്ല . സ്വയം ഉണ്ടാക്കിയ ഒരു സാങ്കൽപ്പിക തടവറക്കുള്ളിൽ ഒളിച്ചിരിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത് . തെരുവിലെ ഇരുട്ടുമൂടിയ കോണിൽ നിന്നോ തൊട്ടപ്പുറത്തെ ബേക്കറിയിൽ നിന്നോ അവസാനമായി വന്നു നിൽക്കുന്ന ബസ്സിൽ നിന്നോ ഒരു പരിചിതമായ മുഖം പൊങ്ങി വന്നേക്കുമോ . അതായിരിക്കുമോ സംഭവിക്കാനിരിക്കുന്നത് . ഒരു വ്യക്തി....ഒരു സംഭവം .



  എന്തെങ്കിലും സംഭവിച്ചേക്കാം . എന്തെങ്കിലും സംഭവിച്ചാലല്ലേ അത് അടുത്തൊരു സംഭവത്തിലേക്കുള്ള തിരികൊളുത്തലാവൂ . ഒന്നിനെ കവച്ചുവെച്ച് മറ്റൊന്ന് ... ഒന്നിനെ കൊന്ന് മറ്റൊന്ന് .... സേവ്യറും അത് തന്നെയാണ് പറഞ്ഞത് . സേവ്യർ എന്റെ സുഹൃത്താണ് . എനിക്ക്  ഇരുണ്ട നഗരത്തിൽ അറിയാവുന്ന ഒരേ ഒരാൾ .  നഗരത്തിന്റെ സന്തതി . അവൻ അന്ന് എന്നെ അടുത്ത് വിളിച്ച് പരമാവധി ശബ്ദം താഴ്ത്തി പറഞ്ഞതും ഇതാണ് . സേവർ പറഞ്ഞു : "എനിക്കവനെ കവച്ചുവെച്ച് പോയേ മതിയാവൂ . അവനെ ചവിട്ടിയല്ലാതെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല" . എവിടെനിന്നോ ഒരു സുന്ദരി എന്റെ അടുത്തുവന്ന് നിന്നു . ഇതാണ് പറ്റിയ നേരമ്പോക്ക് . ഇതുപോലുള്ള അവസരങ്ങളിൽ വായ്നോട്ടമാണ് പറ്റിയ പരിപാടി . അന്തരീഷം വീണ്ടും ഇരുളാൻ തുടങ്ങി . മഴ ഒട്ട് പെയ്യുന്നിമില്ല . അധികം വായ്നോക്കാൻ പറ്റിയില്ല . അതിനു മുൻപ് ഒരു വൃദ്ധൻ വന്ന് എന്നെ തോണ്ടി വിളിച്ചു .  അയാൾ മദ്യപിച്ചിട്ടുണ്ടെന്നും ഇല്ലെന്നും തോന്നി . അയാൾ അടുത്ത് വന്ന് "ഒരു സിഗററ്റ് തരുമോ" എന്ന് ചോദിച്ചു . എനിക്കത് വളരെ വിചിത്രമായി തോന്നി . ഭിക്ഷയാചിക്കുന്നവരെ നിത്യം കാണാം . ചിലർ ഇത്ര പൈസ വേണമെന്ന് കൃത്യമായി പറയും . "ചേട്ടാചായ കുടിക്കാൻ ഒരു പത്തുരൂപ തരുമോ" എന്നൊക്കെ . പക്ഷെ സിഗററ്റ് യാചിക്കുന്ന ആൾ എന്നിൽ ആകാംഷ ഉണ്ടാക്കി . ഞാൻ സിഗററ്റ് വലിക്കുമെന്ന് അയാൾക്ക് എങ്ങനെ മനസ്സിലായി ? അതും അത്ഭുതമാണ് . ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കാറാണ് പതിവ് . എന്നാൽ  ദിവ്യദൃഷ്ടിയുള്ളവനെ നിരാശപ്പെടുത്താൻ തോന്നിയില്ല . ഞാൻ എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന ഒരു സിഗററ്റും തീപ്പെട്ടിയും അയാൾക്ക് കൊടുത്തു . അയാൾ അതും വാങ്ങി ധൃതിയിൽ നടക്കാൻ തുടങ്ങി . ഭക്ഷണപദാർഥം കിട്ടിയ നായ അത് ഒളിച്ചുവെച്ച് തിന്നാൻ കൊണ്ടുപോകുന്നതുപോലെ .  തിടുക്കത്തിൽ അയാൾ വഴിയിൽ നിന്നിരുന്ന ഒരു മദ്ധ്യവയസ്കനെ തട്ടി . സ്വതവേ ദേഷ്യക്കാരനെന്ന് തോന്നിക്കുന്ന അയാൾ വൃദ്ധന്റെ മുഖത്ത് ആഞ്ഞടിച്ചു .  പാവം മനുഷ്യൻ അവിടെ വീണു . എന്നാൽ വർദ്ധിച്ച വീര്യത്തോടെ അയാൾ മദ്ധ്യവയസ്കന്റെ നേരെ ചീറിയടുത്തു . എന്നാൽ ഇനിയും അടി കിട്ടിയേക്കും എന്ന ഭയത്താലോ മറ്റോ പിൻവാങ്ങി . ചിലർ അത് കണ്ട് ചിരിക്കാൻ തുടങ്ങി . ഒരു ഘട്ടത്തിൽ അതൊരു വലിയ അടി ആയേക്കാം എന്ന് എനിക്കു തോന്നിയിരുന്നു .  അടി മൂക്കുമെന്നും അവസാനം ഒരു കൊലപാതകത്തിൽ കലാശിക്കുമെന്നും ഞാൻ കാടുകയറി ചിന്തിച്ചു .  ചിന്ത മനസ്സിൽ കനൽ കോരിയിട്ടു . ഒരു കൊലപാതകം....! ഒരു സംഭവം....!
  സേവ്യർ പറഞ്ഞത് എനിക്ക് ഓർമ്മ വന്നു . " ഞങ്ങൾ എന്റെ ബൈക്കിലായിരിക്കും വരുന്നത് . പിറകിൽ ഇരിക്കുന്നത് അവനായിരിക്കും . കുറച്ചങ്ങോട്ട് മാറി ഒരു പെട്ടിക്കട ഉണ്ട് . നമുക്ക് അവിടെ നിന്നും സിഗററ്റ് വാങ്ങി  കാടുപിടിച്ചുകിടക്കുന്ന കടമുറിയുടെ അങ്ങോട്ട് പോകാം . അവനെ അവിടെ കൊണ്ടുവിട്ടിട്ട് ഞാൻ നിന്നെ പിക്ക് ചെയ്യാൻ വരാം " . ഞാൻ എല്ലാം ശരി വെച്ചു .  സേവ്യർ എന്റെ ദൈവമാണ് . എന്നെ രക്ഷിക്കാനും ശിക്ഷിക്കാനും അവനേ അവകാശമുള്ളൂ . ഇതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളുടെ നീണ്ട പട്ടിക അവൻ എന്റെ മുന്നിൽ നിരത്തി . നേട്ടങ്ങൾ തന്നെ . ഇനി സേവ്യറിനേ എന്നെ രക്ഷിക്കാൻ കഴിയൂ . അതുകൊണ്ടിത് ചെയ്തേ പറ്റൂ . അടുത്തുനിൽക്കുന്നവരുടെ മുഖം കാണാൻ പറ്റാത്ത വിധം അന്തരീഷം ഇരുണ്ടു . എന്റെ അടുത്തുനിന്നിരുന്ന സുന്ദരി ഇനിയും പോയിട്ടില്ല . "ഇവിടിന്ന് കാര്യമായെന്തോ സംഭവിക്കാൻ പോവുകയാണ് മോളേ...നിനക്കറിയില്ലേ ?" ഞാൻ മനസ്സിൽ പറഞ്ഞു . അവളെന്നെ ചുമ്മ നോക്കി . "എനിക്കറിയാം" എന്ന മട്ടിൽ....എനിക്ക് പേടിയില്ലായിരുന്നു . 


  സേവ്യർ വന്നു . പിറകിൽ അവനും ഉണ്ടായിരുന്നു . സേവ്യർ ‘പോയിട്ടുവരാം ‘എന്ന് ആംഗ്യം കാണിച്ചു . പിറകിലിരുന്നവൻ എന്നെ നോക്കി ചുമ്മാ ചിരിച്ചു . ഞാൻ ചിരിച്ചില്ല . അവർ പോയിവന്നു . എന്നെ കൂട്ടി ഞങ്ങളുടെ സംഗമസ്ഥലത്തേക്ക് പോയി . അവർ  സംസാരിക്കാൻ തുടങ്ങി . എന്നോട് തൽക്കാലം മാറിനിന്നോളാൻ പറഞ്ഞു . ഞാൻ മാറിനിന്ന് സിഗററ്റ് വലിക്കാൻ തുടങ്ങി . അൽപസമയത്തിനുശേഷം ചില വാക്കുതർക്കങ്ങളൊക്കെ കേൾക്കാൻ തുടങ്ങി . ഞാൻ അനങ്ങിയില്ല . എനിക്കെന്റെ സിഗ്നൽ അറിയാമായിരുന്നു . വാക്കുതർക്കം മൂത്ത് രണ്ടാളും മിണ്ടാതെ മാറി നിൽക്കുന്നു . അടുത്ത തർക്കത്തിനുള്ള വാക്കുകൾ തിരയുകയാണെന്നുറപ്പ് . എന്തോ പണപ്രശ്നം ആണ് . എന്നോട് കൂടുതലൊന്നും പറഞ്ഞില്ല . ഞാൻ ചോദിച്ചുമില്ല . എന്റെ ജോലി എന്താണെന്ന് എനിക്ക് നന്നായി അറിയാം . അതിനെന്ത് കിട്ടുമെന്നും അറിയാം . ഇനി ഏത് നിമിഷവും സിഗ്നൽ വന്നേക്കാം . ഞാൻ അവരെ നോക്കി . അപ്പോഴേക്കും നന്നായി ഇരുണ്ടിരുന്നു . സേവ്യർ ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിച്ച് ചുമ്മാ നിലത്തിട്ടു . എന്നിട്ട് പതിയെ അവന്റെ പിറകിലേക്ക് മാറി . ഞാൻ മുന്നോട്ടുനീങ്ങി എന്റെ പാന്റിന്റെ പിറകിൽ തിരുകിയിരുന്ന ഇരുമ്പിൽ പിടിമുറുക്കി . താഴേക്ക് നോക്കിനിന്നിരുന്ന അവൻ മുഖം പൊക്കിയതും സേവ്യർ പിറകിൽനിന്നും കടന്നുപിടിച്ച് വായ്പൊത്തി . സേവ്യർ പറഞ്ഞത് ഞാൻ ഓർത്തു : " അവന് നല്ല ശക്തിയാ...ഒറ്റക്കുത്തിന് തീർത്തോളണം " . കൈതാഴ്ത്തി വയറ്റിൽ കുത്താൻ ആഞ്ഞ ഞാൻ തീരുമാനം മാറ്റി . കൈ ഉയർത്തി നെഞ്ചിൽ തന്നെ കുത്തിയിറക്കി . അവനേപ്പോലൊരു കൂറ്റനെ പിടിച്ചുനിർത്തിയ സേവ്യർ എന്ന ചെറിയ മനുഷ്യൻ എന്നെ അതിശയിപ്പിച്ചു . ഒരൽപ്പം ചുവപ്പുപോലും കയ്യിൽ പറ്റാതെ കൃത്യം കഴിഞ്ഞു . സേവ്യർ അവന്റെ ബൈക്കിൽ എന്നെ എന്റെ താമസസ്ഥലത്തിനടുത്തുള്ള തിരിവിൽ കൊണ്ടുപോയി വിട്ടു . വഴിയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല . ഞാൻ പലവിധ ചിന്തകളിൽ മുഴുകി . ദുരന്തമാകാമായിരുന്ന ഒരു ആക്സിഡന്റും സിഗററ്റ് ദാഹിയായ വൃദ്ധനും സുന്ദരിയുമൊക്കെ എന്റെ ചിന്തയിൽ മാറിമാറി വന്നു . ഞാൻ കൂലിയേക്കുറിച്ച് ചിന്തിച്ചില്ല . നേട്ടങ്ങളെക്കുറിച്ചും . താമസസ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഞാൻ അടുത്തുള്ള പെട്ടിക്കടയിൽ നിന്നും ഒരു സിഗററ്റ് വാങ്ങി കൊളുത്തി . കടക്കാരൻ സംസാരിക്കാൻ തുടങ്ങി : " മഴയൊന്നും ഇത്തവണ അത്ര.... " . ഞാൻ അയാളെ തടഞ്ഞിട്ട് ഒരു കവിൾ പുക ഊതിവിട്ടുകൊണ്ട് പറഞ്ഞു : " ഒരു മഴ വരുന്നുണ്ട് . ഇതല്ല . ഇതിനേക്കാൾ വലുതൊന്ന് "