Saturday 1 December 2012

ഗ്രേറ്റ് ഡെയിൻ


          ഒരു ദിവസം ഞാൻ വീട്ടിൽ നിന്നും പുറത്ത് നിർത്തപ്പെട്ടു.വീട്ടിലേക്ക് കയറാൻ ആകെ രണ്ട് വാതിലുകളേ ഉള്ളൂ . രണ്ടിന്റെയും മുന്നിൽ ഞാൻ ഒരു അനുമതിക്കായ് കാത്തു നിന്നു.ഇപ്പൊ ആരെങ്കിലും വരുമെന്നും പഴയപോലെ എന്നെ ഉള്ളിലേക്ക് കയറ്റും എന്നും ഞാൻ പ്രതീക്ഷിച്ചു . അത് ഒരിക്കലും നടന്നില്ല . പക്ഷെ വീട്ടുകാർക്ക് എന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന സംഗതി എന്നെ ആശ്വസിപ്പിച്ചു . അപ്പൊ വല്യ കുഴപ്പമൊന്നും ഇല്ല എന്ന് ഞാൻ ഓർത്തു . ഞാൻ കണ്ടാൽ പ്രശ്നമായേക്കാവുന്ന എന്തോ ഒന്ന് ആ ദിവസം ഒരു വണ്ടിക്കൊപ്പം ഇവിടെ വന്നിട്ടുണ്ട് . അതാണ് കാര്യം . അന്നു മുതലാണല്ലോ ഞാൻ പുറത്തായത് . ഞാൻ നശിപ്പിച്ചേക്കുമെന്നോ കടിച്ച് കീറുമെന്നോ അവർക്ക് പേടിയുണ്ട് . അതെന്തായാലും വീട്ടിനുള്ളിലേക്കുള്ള അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ഞാൻ കൂടുതൽ കൂടുതൽ അതിന്റെ കാരണങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി . ഒപ്പം കുറച്ച് പഴയ കാര്യങ്ങളും.


       കുറെ നാളുകൾക്ക് മുൻപ് ഞാനാദ്യമായി ഈ വീട്ടിൽ വന്നപ്പോൾ എനിക്ക് നന്നായി നടക്കാൻ പോലും ആവില്ലായിരുന്നു . അത്രക്ക് കുഞ്ഞായിരുന്നു ഞാൻ . തന്ന പാൽ മുഴുവൻ ഞാൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു . അന്നു മാത്രമല്ല , പിന്നെയുള്ള എല്ലാ ദിവസങ്ങളിലും ഇതായിരുന്നു അവസ്ഥ . എനിക്ക് ഭയങ്കര വിശപ്പാ . എത്ര തിന്നാലും മതിയാവില്ല . അതെന്റെ വർഗ്ഗത്തിന്റെ പ്രത്യേകത ആവും . എല്ലാരും അത് അറിഞ്ഞ് കണ്ട് എന്നെ തീറ്റിച്ചു . 'അലക്സി' എന്ന് എന്നെ എല്ലാരും വിളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം . എന്റെ അമ്മ എന്നെ പെറ്റിട്ട വീട്ടിലെ ചേട്ടന്റെ പേരായിരുന്നു അത് . എല്ലാരും ചേട്ടനെ അലക്സി എന്ന് വിളിക്കുമ്പോൾ എന്റെ പേരും അതാണെന്ന് ഞാൻ ചുമ്മാ ചിന്തിച്ചു . അവിടുന്ന് എന്നെ ഇവിടുത്തെ ചേട്ടൻ വാങ്ങിക്കൊണ്ട് വന്ന അന്നു തന്നെ എന്നെ 'ജിമ്മി' എന്നെ വിളിക്കാൻ തുടങ്ങി . അതാണത്രേ എന്റെ പേര് . എനിക്കതത്ര ഇഷ്ടപ്പെട്ടൊന്നുമില്ല. പക്ഷെ അതിന്റെയൊക്കെ അവകാശം യജമാനനല്ലേ . ഞാൻ 'ജിമ്മി' യിൽ സംതൃപ്തനായി . അല്ലേലും എന്റെ വർഗ്ഗക്കാർക്കൊക്കെ അങ്ങനെത്തെ പേരാണത്രേ . ജിമ്മി, കൈസർ അങ്ങനെ അങ്ങനെ .



ഞാൻ 'ഗ്രേറ്റ് ഡെയിൻ' എന്ന വർഗ്ഗത്തിൽ പെട്ട പട്ടിയാണത്രേ . കൂട്ടുകാരോട് ഇവിടുത്തെ ചേട്ടൻ എന്നെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്നതിൽ നിന്നും ഞാൻ പിടിച്ചെടുത്തതാണിത് . അതായത് ചേട്ടൻ ആദ്യം എന്റെ പേര് പറയും . അപ്പൊ അവർ വേറെന്തെങ്കിലും ചോദിക്കും . അപ്പൊ ചേട്ടൻ ' ഗ്രേറ്റ് ഡെയിൻ ' എന്ന് പറയും . ഇത് പലരോടും പറഞ്ഞതിൽ നിന്നും എന്റെ വർഗ്ഗത്തെയാണ് 'ഗ്രേറ്റ് ഡെയിൻ' എന്ന് വിളിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി . ഇതാണെന്റെ വർഗ്ഗം . ഞാൻ 'ഗ്രേറ്റ് ഡെയിൻ' ആണ് . ഞാനതിൽ അഭിമാനിച്ചു . കൂട്ടുകാരോട് ഗ്രേറ്റ് ഡെയിൻ എന്ന് പറഞ്ഞ് കൊടുത്ത് , ചേട്ടൻ എന്റെ തലയിൽ തടവുമ്പോൾ ഞാൻ തല തെല്ലൊന്നുയർത്തിക്കൊടുക്കും . എനിക്ക് അഭിമാനിക്കാൻ വേറെ കാരണങ്ങളുമുണ്ട് . ഒരിക്കൽ ചേട്ടൻ എന്നെ വണ്ടിയിൽ കയറ്റി ഒരു സ്ഥലത്ത് കൊണ്ടുപോയി . അവിടെ ഞങ്ങളെപ്പോലുള്ള പലരും അവരുടെ യജമാനന്മാർക്കൊപ്പം വന്നിട്ടുണ്ടായിരുന്നു . പക്ഷെ എന്റെ അത്രയും വലിപ്പമുള്ള ഒരു പട്ടിയേയും ഞാനവിടെ കണ്ടില്ല . പോരുന്ന വഴിക്ക് മുഴുവൻ ചേട്ടൻ എന്നെ തടവി 'ഡോഗ് ഷോ' എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു . അതെന്താണ് സാധനം എന്ന് എനിക്ക് മനസ്സിലായില്ല . തിന്നാനുള്ള വല്ലതും ആണെന്ന് ഞാൻ ആദ്യം ഓർത്തു . പക്ഷേ എനിക്കവിടെ ഒന്നും കിട്ടിയില്ല . ചേട്ടൻ എന്നെയും കൊണ്ട് ഒരിടത്ത് ഇരുന്നു . ആൾക്കാർ എന്നെ കാണാൻ വന്നു പൊതിഞ്ഞു . എനിക്കാകെ ദേഷ്യം വന്നു . ചാടി എല്ലാത്തിനേയും കടിച്ചാലോ എന്ന് ഞാൻ ഓർത്തു . പിന്നെ ചേട്ടന് അത് നാണക്കേടായാലോ എന്നോർത്ത് അടങ്ങിയിരുന്നു . എനിക്കവിടെ തീരെ ഇഷ്ടപ്പെട്ടില്ല . എങ്ങനെയെങ്കിലും വീട്ടിൽ എത്തി കോണിപ്പടിയുടെ കീഴിൽ എന്റെ സ്ഥിരം മൂലക്ക് കിടന്നാൽ മതിയെന്നായി എനിക്ക് . പക്ഷേ കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളവൻ ഞാനാണെന്ന കാര്യം എന്നെ സന്തോഷപ്പെടുത്തി . എനിക്ക് കുറച്ച് അഹങ്കാരവും തോന്നി .


    അഹങ്കാരം കൂടിയപ്പോൾ ഞാൻ വീട്ടിൽ വരുന്നവരോട് കൂടുതൽ ഉറക്കെ കുരക്കാൻ തുടങ്ങി . എന്റെ അനുവാദമില്ലാതെ ആരും ഗേറ്റ് കടന്നുവരരുതെന്ന് ഞാനങ്ങുറപ്പിച്ചു . രാത്രിയിലൊക്കെ ഒരില അനങ്ങിയാൽ ഞാൻ എണീക്കും . എന്റെ യജമാനന്റെയും വീട്ടുകാരുടെയും സുരക്ഷിതത്വത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കാണെന്ന് ഞാൻ കരുതി . എനിക്ക് വീട്ടിൽ എല്ലാ സ്വാതന്ത്ര്യവുമുള്ളതിനാൽ ഞാൻ എല്ലായിടത്തും കേറി ഇറങ്ങും . വീട്ടുകാർക്ക് അതിൽ യാതൊരു പരാതിയുമില്ല . ഇതുവരെ അവരാരും എന്നെ അടിച്ചിട്ടോ വഴക്കു പറഞ്ഞിട്ടോ ഇല്ല.



     അവരെന്നെ സ്നേഹിക്കുന്നതിന്റെ പത്തിരട്ടി ഞാൻ അവരെ സ്നേഹിക്കുന്നു എന്ന് അവർക്കറിയില്ല . ഈ വലിപ്പം മാത്രമേ ഉള്ളൂ . എന്റെ മനസ്സിപ്പോഴും കൊച്ചു പട്ടിയുടേതാണ് . എനിക്ക് വല്ലാതെ സ്നേഹം വരുമ്പോൾ ഞാനവരെ നിർത്താതെ നക്കാൻ തുടങ്ങും . അങ്ങനെയാണ് ഞാൻ എന്റെ സ്നേഹം കാണിക്കുന്നത് . ഞാനിങ്ങനെ നക്കുമ്പോൾ അവർ ചിരിക്കുകയും എന്നെ തലോടുകയും ചെയ്യും . എനിക്ക് വീട്ടിലെ എവിടെ വേണമെങ്കിലും കിടക്കാം . ചിലപ്പൊ ഞാൻ നിലത്ത് കിടക്കും . ചിലപ്പൊ കട്ടിലിൽ കേറിക്കിടക്കും . ആർക്കും ഒരു പ്രശ്നവുമില്ല . ചിലപ്പൊ ചേട്ടൻ എന്നെ നടത്താൻ കൊണ്ടുപോകും . വഴിയിലൂടെ നടക്കുന്ന ആളുകളെല്ലാം എന്നെക്കണ്ട് പേടിച്ച് മാറുന്നത് എനിക്ക് കാണാം . എനിക്ക് എന്റെ ശരീരത്തിലും ശക്തിയിലും അപ്പോഴൊക്കെ അഭിമാനം തോന്നും . നടക്കാൻ പോകുമ്പോൾ ചില വീടുകളിലൊക്കെ ഞങ്ങളുടെ വർഗ്ഗക്കാരെ കൂട്ടിലടച്ചിരിക്കുന്നത് കാണാം . അതൊക്കെ കാണുമ്പോഴാ എന്റെ വീട്ടിലെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാൻ ഓർക്കുന്നത് . അവിടെ എന്നെ തടയാൻ ആരുമില്ല.



    ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ആ വണ്ടി വന്നത് . ഇവിടുത്തെ ചേച്ചിയുടെ വണ്ടിയായിരുന്നു അത് . ചേച്ചി എപ്പോഴും ഇവിടെ ഉണ്ടാവില്ല . ഇടയ്ക്കിടയ്ക്ക് വരും . എന്നെ വല്യ ഇഷ്ടമാണ് . എനിക്കും . ഇത്തവണ വണ്ടിയിൻ നിന്നിറങ്ങിയ ചേച്ചിയുടെ കയ്യിൽ എന്തോ ഒരു സാധനവുമുണ്ടായിരുന്നു . വെള്ളയിൽ പൊതിഞ്ഞ എന്തോ . അത് ചേച്ചി സൂക്ഷിച്ച് പിടിച്ചിട്ടുമുണ്ട് . എന്താണെന്നെനിക്ക് മനസ്സിലായില്ല .  പക്ഷേ ഒരു പുതുമണം അവിടെ പരന്നു . എന്റെ വീടിന്റെ പരിസരത്ത് എന്തെങ്കിലും ഒരു പുതിയ മണമോ പുതിയ രൂപമോ വന്നാൽ അത് അന്വേഷിക്കെണ്ടത് എന്റെ ചുമതലയാണ് . അത് ആരുടെ കൂടെ വന്നതാണെങ്കിലും . ഞാൻ ഉറക്കെ കുരക്കാൻ തുടങ്ങി . എന്നെ കെട്ടിയിട്ടില്ലല്ലോ . അതുകൊണ്ട് വന്നവരൊക്കെ പേടിച്ചു . പക്ഷെ ഞാൻ മുന്നോട്ട് കുതിക്കാനാഞ്ഞപ്പോൾ എന്റെ കഴുത്തിലെ ബെൽറ്റിൽ ഒരു പിടി വീണു . എന്നെ തടവിക്കൊണ്ട് ചേട്ടൻ വന്നവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു .



   ചേട്ടൻ സ്നേഹത്തോടെ എന്റെ മുഖത്ത് ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . എനിക്കൊന്നും മനസ്സിലായില്ല . എന്നെ എന്തോ ഒന്നിൽ നിന്നും വിലക്കുകയാണെന്ന് മാത്രം മനസ്സിലായി . അന്ന് എന്നെ വീടിനു പുറത്ത് നിർത്തിയിട്ട് ചേട്ടൻ ഉള്ളിലേക്ക് പോയി . ചിലപ്പോൾ കുറച്ച് കഴിയുമ്പോൾ എന്നെ വിളിക്കാൻ വരും എന്ന് ഓർത്ത് ഞാൻ കാത്തിരുന്നു . ആരും വന്നില്ല . ഭക്ഷണം കൃത്യ സമയത്ത് ആരോ കൊണ്ടുവച്ചു . പക്ഷേ എന്നെ ഉള്ളിൽ കേറ്റിയില്ല . എനിക്ക് വിശപ്പ് തോന്നിയില്ല . വീട്ടിലെല്ലാവർക്കും എന്തോ ഒരു പുതിയ തിരക്കും സന്തോഷവും . എന്റെ മനസ്സിൽ മാത്രം അതിയായ വിഷാദം . ഇവരൊക്കെ എന്താണ് എന്നെ അകറ്റി നിർത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല . ഈ വല്യ ലോകത്ത് ഞാൻ ഒറ്റപ്പെട്ടപോലെ തോന്നി . എന്നെയും മറ്റു പട്ടികളെപ്പോലെ ആദ്യം മുതൽ കൂട്ടിൽ അടച്ചിരുന്നെങ്കിൽ എന്നുപോലും ഞാൻ ഓർത്തു . എങ്കിൽ ഇത്രയും വിഷമം തോന്നില്ലായിരുന്നു . ഏതോ സമയത്ത് ഞാൻ ഉറങ്ങി . രാത്രി എന്തോ ഇലയനക്കം കേട്ട് എഴുന്നേറ്റു . പിന്നെ എനിക്ക് ഉറങ്ങാനായില്ല . ഞാൻ ചുമ്മാ വീടിനു വലം വച്ചു . ചേച്ചിയുടെ മുറിയിൽ ലൈറ്റ് അണച്ചിട്ടില്ല . സാധാരണ ഈ സമയത്ത് എല്ലാവരും ഉറങ്ങേണ്ടതല്ലേ . എന്തോ കാര്യമായിട്ട് സംഭവിക്കുന്നുണ്ട് . ആരോ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു . എന്തോ ഒരു പുതിയ ശബ്ദവും കേൾക്കുന്നുണ്ട് . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം . ഞാൻ കാത് കൂർപ്പിച്ചു . എന്തോ കരയുന്ന പോലെ . എനിക്ക് മനസ്സിലായില്ല അത് എന്താണെന്ന് . എന്തായാലും കണ്ടുപിടിച്ചേ പറ്റൂ എന്ന് ഉറപ്പിച്ചു .


      അടുത്ത ദിവസവും പിന്നീടുള്ള പല ദിവസങ്ങളിലും  എന്റെ ചിന്ത വീട്ടിനുള്ളിൽ എങ്ങനെ കയറാം എന്നായിരുന്നു . രണ്ടായിരുന്നു കാരണം . ഒന്ന് , എനിക്ക് എന്റെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കണം . രണ്ട് വീട്ടിനുള്ളിൽ എന്താണെന്നറിയണം . ഇടയ്ക്കിടക്ക് എന്നെ വല്ലാത്ത വിഷാദം ബാധിക്കും . ഞാനാകെ ഒറ്റപ്പെട്ടപോലെ തോന്നി . വീടിനുള്ളിലായിരുന്നെങ്കിൽ എപ്പോഴും ആരെങ്കിലും അടുത്തുണ്ടാവുമായിരുന്നു . നല്ല രസമായിരുന്നു . ഇപ്പൊ എനിക്ക് എല്ലാ ഉന്മേഷവും പോയി . ഞാൻ ചുമ്മാ എന്റെ താട നിലത്ത് മുട്ടിച്ച് നീണ്ട് കിടക്കും . വല്ലപ്പോഴും ആരെങ്കിലും പുറത്തേക്ക് വരും . എന്നെ ശ്രദ്ധിച്ചാൽ മാത്രം ഞാൻ ചെറുതായി വാലാട്ടും . അതും പാതി മനസ്സോടെ . എനിക്ക് ഒന്നിനും മൂഡില്ല . ഞാൻ വെറും 'പട്ടി' ആയി പോയതുപോലെ തോന്നി .



   അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ കുറെ അതിഥികൾ വന്നു . ആ തിരക്കിൽ വാതിൽ തുറന്ന് കിടന്നത് ആരും അധികം ശ്രദ്ധിച്ചില്ല . എല്ലാവരും മുൻപിൽ തന്നെ ഇരിപ്പുണ്ട് . ഭയങ്കര ബഹളം . ഇതുതന്നെ വീട്ടിൽ കേറാൻ പറ്റിയസമയം എന്ന് വിചാരിച്ച് ഞാൻ ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു ഉള്ളിലേക്ക് . ചേട്ടൻ അതുകണ്ട് എന്റെ പിറകേ ഓടി . എന്റെ ലക്ഷ്യം ചേച്ചിയുടെ മുറി ആയിരുന്നു . അവിടെ എന്താണെന്നറിയണമല്ലോ . പക്ഷേ വാതിലിന്റെ മുന്നിൽ വെച്ച് ഞാൻ പിടിക്കപ്പെട്ടു . ശ്രമം പരാജയപ്പെട്ടു . ചേട്ടൻ എന്റെ ബെൽറ്റിൽ പിടിച്ച് പുറത്തിറക്കി . തല്ലിയില്ല . കുറേ എന്തൊക്കെയോ വഴക്ക് പറഞ്ഞു .എനിക്ക് ഭയങ്കര വിഷമമായി . വഴക്ക് കേട്ടതിലല്ല . ചേട്ടന്റെ മുൻപിൽ ഞാൻ കുറ്റക്കാരനായല്ലോ എന്നോർത്ത് .കുറെ നേരം എന്നെ കെട്ടിയിട്ടു . ഞാൻ കുരച്ചില്ല . താട നിലത്ത് വെച്ച് നീണ്ട് നിവർന്നങ്ങനെ കിടന്നു .


      ഞാൻ ആലോചിക്കാൻ തുടങ്ങി . അവർ വേറെ വർഗ്ഗം . ഞാൻ വേറെ വർഗ്ഗം . അവരെന്റെ യജമാനർ . അവരുടെ വീട്ടിനുള്ളിൽ ഞാൻ കേറേണ്ടന്ന് തീറ്റതരുന്നവർ തീരുമാനിച്ചാൽ കേറാൻ എനിക്കെന്തവകാശം . ഞാൻ അങ്ങനെയൊക്കെ ആലോചിച്ച് കിടന്നു . എന്റെ അതിക്രമ ശ്രമം ഒക്കെ അവർ എന്നേ മറന്നു . എന്നോടിപ്പോഴും എല്ലാവർക്കും സ്നേഹം തന്നെ . പക്ഷേ ഞാൻ ഏകനും ദു:ഖിതനുമാണെന്നു മാത്രം .

  വീട്ടിനുള്ളിൽ കേറണം എന്ന ആശ ഞാനേതാണ്ട് ഉപേക്ഷിച്ച മട്ടാ . അതെന്റെ യോഗമല്ല എന്ന് ഞാൻ സ്വയം ആശ്വസിച്ചു . പക്ഷേ വീട്ടിനുള്ളിൽ എന്താണെന്നറിയാനുള്ള എന്റെ ആകാംഷ അതേപോലെ നിന്നു . അതെങ്കിലും കണ്ടു പിടിക്കണം . ഓ , അല്ലെങ്കിൽ എന്തിന്.....ചിലപ്പോൾ ശരിക്കും അവിടെ എന്തെങ്കിലും ഉണ്ടെങ്കിലോ...ഞാൻ തൊട്ടാൽ ചീത്തയാകുന്ന എന്തെങ്കിലും . എന്നെങ്കിലും അത് അറിയാൻ പറ്റുമായിരിക്കും എന്ന് ഞാൻ ഓർത്തു .



     എന്റെ പുതിയ അവസ്ഥയോട് ഞാൻ പൊരുത്തപ്പെട്ടു . മഴ വരുമ്പോൾ മാത്രമാണ് പ്രശ്നം . അപ്പൊ ഞാൻ തിണ്ണയിലേക്ക് കേറി കിടക്കും . മഴ വരുമ്പോൾ എന്നെ കെട്ടിയിട്ടിരിക്കുകയാണെങ്കിലാണ് വല്യ പ്രശ്നം . അപ്പോ ഞാൻ കിടന്ന് മോങ്ങും . ആരെങ്കിലും വന്ന് അഴിച്ച് കെട്ടും . ആരും ഇല്ലെങ്കിൽ കുറെ നേരം മഴ കൊള്ളും . അവർക്കെന്നോടുള്ള സ്നേഹത്തിന് ഒരു കുറവുമില്ലെന്ന് എനിക്കറിയാം . പിന്നെ വീട്ടിനുള്ളിൽ കേറ്റുന്നില്ല . അതിനവർക്ക് തക്കതായ കാരണം കാണും .


   ഒരു ദിവസം ഉച്ചക്ക് ഞാൻ ചുമ്മാ കിടക്കുകയായിരുന്നു . അമ്മ തുണി അലക്കുകയോ മറ്റോ ആണ് . ചേച്ചി സ്വന്തം മുറിയിൽ കിടന്നുറങ്ങുന്നു . വീട്ടിൽ വേറെ ആരും ഇല്ലെന്നു തോന്നുന്നു . ദാഹിച്ചപ്പൊ ഞാൻ എന്റെ പാത്രം അന്വേഷിച്ച് നടന്നു . അതിൽ വെള്ളം കാണും എന്നെനിക്കറിയാം . അടുക്കളവശത്തെത്തിയപ്പോൾ ഞാൻ ഞെട്ടി....വാതിൽ മലർക്കെ തുറന്ന് കിടക്കുന്നു ! ഞാൻ സ്തംഭിച്ചുപോയി . കുറെ നാളായിട്ട് ഇങ്ങനെ ഒരു രംഗം കാണാൻ ഞാൻ കാത്തിരിക്കുന്നു . പക്ഷേ എനിക്ക് പഴയ താല്പര്യം ഇതിനോടിപ്പോൾ ഇല്ല . എന്നാലും ഒരു തോന്നൽ കേറിയാലോ എന്ന് . എന്താണ് രഹസ്യം എന്നെങ്കിലും അറിയാമല്ലോ . പക്ഷേ ഒരു പേടി . ആരെങ്കിലും കണ്ടാൽ , പണ്ടത്തേപ്പോലെ ആയില്ലെങ്കിലോ പെരുമാറ്റം . എന്നെ എന്നെന്നേക്കുമായി വെറുത്താലോ . അത് ആലോചിക്കാനേ ആവുന്നില്ല . ഓ , ആര് കാണാനാ...രണ്ടും കൽപ്പിച്ച് കേറാൻ ഞാൻ തീരുമാനിച്ചു.


  ഞാൻ ഉള്ളിൽ കടന്നു . സമയം കളയാതെ ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി . എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു . ഞാൻ നാലുപാടും നോക്കി . ചേച്ചി കട്ടിലിൽ കിടന്ന് നല്ല ഉറക്കമാണ് . അവിടെ എന്നെ ആ അപരിചിതമായ മണം വരവേറ്റു . ഞാൻ അന്നു ശ്രദ്ധിച്ച ആ മണം . അവിടെ വേറൊരു കട്ടിലിൽ വെള്ളയിൽ പൊതിഞ്ഞ് എന്തോ കിടക്കുന്നു . ഇത് തന്നെ സാധനം എന്ന് ഞാൻ ഉറപ്പിച്ചു . ഞാൻ അടുത്ത് ചെന്ന് നോക്കി . എന്റെ തലയുടെ അത്രമാത്രം വലിപ്പം തോന്നിക്കുന്ന ഒരു കുഞ്ഞ് അവിടെ കിടക്കുന്നു . ചെറിയ കൈകൾ , ചെറിയ കാലുകൾ.....എല്ലാം ചെറുത് . ഇങ്ങനെ ഒരു സാധനത്തെ ഞാൻ നേരത്തെ കണ്ടിട്ടില്ല . ഈ ലോകത്തിൽ ഉണ്ടെന്നുപോലും അറിയില്ലായിരുന്നു . ഞാൻ ചുമ്മാ നോക്കി നിന്നു . എന്റെ വൃത്തികെട്ട മണം കേട്ട് കുട്ടി എഴുന്നേൽക്കുമോ എന്ന് ഞാൻ ഭയന്നു . എനിക്കതിനെ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല . അതൊന്നു കണ്ണുതുറന്ന് എന്നെ നോക്കി . പിന്നേം കണ്ണടച്ചു കിടന്നു . എന്റെ ചുറ്റിനുമുള്ള ലോകം ചലനമറ്റിരിക്കുന്നു . ഒരില പോലും എങ്ങും അനങ്ങുന്നില്ല . എനിക്ക് പേടി തോന്നി . ആരെങ്കിലും ഈ അവസ്ഥയിൽ എന്നെ കണ്ടാലോ . ഞാൻ പോകാനൊരുങ്ങി . പോകുന്നതിനു മുൻപ് അതിനെ ഒന്നു സ്നേഹത്തോടെ നക്കണം എന്നെനിക്ക് തോന്നി.സ്നേഹം വന്നാൽ ഞാൻ അതാണ് സാധാരണ ചെയ്യുക . പക്ഷേ ഈ കുഞ്ഞിനെ നക്കിയാൽ അത് കുഴപ്പമാകുമോ..?ഞാൻ കൂടുതൽ ഒന്നും ആലോചിച്ചില്ല . മടിച്ച് മടിച്ച് അതിനെ ഒന്ന് നക്കി . അത് ഇക്കിളി കൂടി ചിരിച്ചു . എനിക്ക് സ്നേഹം കൂടി . ഞാൻ വീണ്ടും വീണ്ടും നക്കി . മതിയാവോളം .


  ഞാൻ ഒച്ച ഉണ്ടാക്കാതെ പുറത്ത് കടന്നു . ഈ കുഞ്ഞിനെ ഞാനെന്തെങ്കിലും ചെയ്തെങ്കിലോ എന്നോർത്താണല്ലോ എന്നെ അകത്ത് കടത്താത്തത് എന്നോർത്തപ്പോൾ എന്റെ മനസ്സ് വിങ്ങി . എന്റെ വലിപ്പമേറിയ ഈ ശരീരമാണോ അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് . എന്റെ ശരീരത്തിൽ എനിക്കിപ്പോൾ അഭിമാനമില്ല . എനിക്ക് കരയണമെന്ന് തോന്നി . പട്ടി കരഞ്ഞാൽ അത് മോങ്ങൽ ആകും . ഞാൻ കരഞ്ഞില്ല . പുറത്ത് , മൂലക്ക് ഞാൻ കിടക്കാൻ ഒരിടം കണ്ടു . ഞാനവിടെ ചുരുണ്ട് കൂടി കിടന്നു . എന്റെ താടയും നിലത്തുവച്ച് നീണ്ട് അങ്ങനെ......