Tuesday 23 February 2016

ജലം



റോബര്‍ട്ട് വാതിൽക്കൽ ഒരു കസേരയിട്ടിരുന്നു. മഴയത്ത് കുട ചൂടിയും നനഞ്ഞും കുട്ടികള്‍ പൂളിലേക്ക് വന്നുകൊണ്ടിരുന്നു. കുട്ടികളെന്നും യുവാക്കളെന്നും വിളിക്കാവുന്ന പ്രായപരിധിയില്‍ പെട്ടവർ. അവര്‍ റോബര്‍ട്ടിനെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ തിരിച്ചും. പ്രത്യേകിച്ച് ഒന്നിലും ശ്രദ്ധിക്കാതെ അയാള്‍ കയ്യിലിരുന്ന ക്യാപ്പിൽ നോക്കിക്കൊണ്ടിരുന്നു. നീലനിറത്തിലുള്ള ക്യാപ്പ്. പൂളിന്‍റെ അതേ നിറം. ഇരുപത് ദിവസത്തെ നീന്തല്‍ പരിശീലന കോഴ്സാണ്‌. റോബര്‍ട്ട് വര്‍ഷങ്ങളായി ഈ സ്ഥാപനത്തിൽ നീന്തൽ പരിശീലകനായി ജോലി ചെയ്യുന്നു. അയാള്‍ക്ക് പ്രായമായി വരുന്നു. റോബര്‍ട്ട് കസേര മാറ്റിയിട്ട് വസ്ത്രം മാറാന്‍ അടുത്ത മുറിയിലേക്ക് കയറി. കുറച്ച് കുട്ടികൾ ആ മുറിയിലും വേറെ കുറച്ചുപേർ പുറത്തുമായി വസ്ത്രം മാറുന്നു. റോബർട്ട് വസ്ത്രം മാറി നീന്തലിനൊരുങ്ങി പൂളിനടുത്തേക്ക് നടന്നു.

  കുട്ടികളെ പഠിപ്പിക്കാനുപയോഗിക്കുന്ന ട്യൂബും മറ്റുമായി രാജേഷ് എതിരേ വരുന്നുണ്ടായിരുന്നു. അയാളെയും രാജേഷിനെയും കൂടാതെ രണ്ട് പരിശീലകർ കൂടി ഉണ്ട്. ഈ ബാച്ചിന്‍റെ ചുമതല ഇന്ന് റോബര്‍ട്ടിന്‍റേതാണ്‌. ഇതുവരെ കാണാത്ത ഒരു വസ്തുവിനെ നോക്കുന്നതുപോലെ റോബര്‍ട്ട് ആ ട്യൂബിനെ നോക്കി. അയാളുടെ മനസ്സിന്‌ ഉന്മേഷമുണ്ടായിരുന്നില്ല. സാധാരണ അയാള്‍ക്കിങ്ങനെ മടുപ്പ് തോന്നാത്തതാണ്‌. ഇന്നലെ കുടിച്ചിരുന്നു. അതല്ല കാരണം. ഇന്നലെ പറയത്തക്കവണ്ണം കൂടുതലായൊന്നുമില്ല. എല്ലാ ദിവസവും ഉള്ളതല്ലേ. ഒന്ന് ചാടിയാല്‍ ശരിയാകുമായിരിക്കും. അയാള്‍ ഡൈവ് ചെയ്യാനായി പൂളിന്‍റെ അരികത്തേക്ക് ചെന്നു. കുട്ടികള്‍ തയ്യാറായി വരുന്നതേ ഉള്ളൂ. അയാള്‍ പൊസിഷൻ ശരിയാക്കി. ചാടാന്‍ ഒന്നാഞ്ഞപ്പോൾ അടിവയറ്റില്‍നിന്നും ഒരാളല്‍. ഭയം...!

 നന്നേ ചെറുപ്പത്തിൽ നീന്തൽ പഠിച്ചതാണ്‌. അതുപിന്നെ ആവേശമായി, മത്സരമായി അവസാനം തൊഴിലുമായി. ഇക്കണ്ട കാലത്തൊന്നും ഇങ്ങനൊരു അന്താളിപ്പ് പറ്റിയിട്ടില്ല. വെള്ളത്തോടുള്ള ഈ പേടി...അയാളൊന്ന് പിറകോട്ട് മാറി. പേടി കലർന്ന ആശങ്ക. മനസ്സിന്‌ ഒന്ന് അയവു വരുത്തി വീണ്ടും ചാടാനായി നിന്നു. കാലു പറിയുന്നില്ല. അതേ പേടി അരിച്ചു കയറുന്നു. വെള്ളം നോക്കി നില്‍ക്കുംതോറും ഭയം കൂടുന്നു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌. അയാള്‍ക്ക് ദേഷ്യം വന്നു. ചാടുന്നതിനു പകരം ആഴം കുറഞ്ഞ സ്ഥലത്തുപോയിറങ്ങി രണ്ടു റൌണ്ട് നീന്തിയാലോ എന്നയാള്‍ ഓര്‍ത്തു. അതിനായി നടക്കുകയും ചെയ്തു. പെട്ടെന്നുതന്നെ ആ തീരുമാനം മാറ്റി. അയാള്‍ ഒരിക്കല്‍ക്കൂടി ചാടാനൊരുങ്ങി. കാലു പറിയുന്നില്ല. വയറ്റില്‍ ആ ആന്തല്‍ വീണ്ടും തലപൊക്കുന്നു. അയാളോര്‍ത്തു... ഇത് അവസാനമാണ്‌.

  റോബര്‍ട്ട് നേരെ സ്റ്റാഫ് റൂമിലേക്കുപോയി രാജേഷിനെ കണ്ടു. നല്ല തലവേദന ഉണ്ടെന്നും ഈ ബാച്ചുകൂടി നോക്കണമെന്നും പറഞ്ഞു. രാജേഷ് അയാളെ തെല്ലൊരു സംശയത്തോടുകൂടി നോക്കി. “ ഇന്നലെ കൂടിപ്പോയോ ചേട്ടാ...ഹാങ്ങ് ഓവർ ഉണ്ടോ ? വയ്യെങ്കില്‍ വീട്ടിലേക്ക് വിട്ടോ. ഇത് ഞാന്‍ നോക്കിക്കോളാം “. റോബര്‍ട്ട് ഒരു തളര്‍ന്ന ചിരി ചിരിച്ചു. “ ഏയ് അതൊന്നുമല്ലെടാ... ഒരു സുഖമില്ല. അത്ര തന്നെ “. അയാള്‍ പൂളിനടുത്ത് ഒരു കസേരയിട്ടിരുന്ന് വെള്ളത്തിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

  കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉള്ള്‌ തിന്നുകൊണ്ടിരുന്ന സംഭവങ്ങൾ വീണ്ടും മനസ്സിലേക്ക് കയറിവന്നു. ഒപ്പം വായിലേക്ക് ഒരുതരം ദു:സ്വാദും. റീന പോയിട്ട് ഒരാഴ്ച്ച കഴിയുന്നു. ഇത്തവണ പോകരുതെന്ന് പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നെന്ന് തോന്നുന്നില്ല. സ്നേഹത്തോടെയുള്ള നിയന്ത്രണങ്ങളില്‍ നിന്നും ശാസനകളിൽ നിന്നും കാര്യങ്ങൾ ഒത്തിരി മുന്നോട്ട് പോയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഒരുതരം വെറുപ്പും ദേഷ്യവും അവളില്‍ കാണാൻ കഴിഞ്ഞു. റീന അല്ലായിരുന്നു അത്. അമ്പതുകഴിഞ്ഞ ഏതോ ഒരു സ്ത്രീ. തനിക്കറിയില്ലാത്ത ആരോ ഒരാൾ. ഒരുപക്ഷേ അവളും എത്രയോവട്ടം ഇതേ ചിന്തയെ പിന്തുടര്‍ന്നിട്ടുണ്ടാവും. താന്‍ മനസ്സിലാക്കിയിരുന്ന റോബര്‍ട്ട് അല്ലിത്. അയാള്‍ ഒത്തിരി മാറി എന്ന്. ഈ മനുഷ്യനെ എനിക്ക് അറിയില്ലെന്ന്. ശബ്ദം ഉയര്‍ന്നുയര്‍ന്നുവരുന്ന വൃത്തികെട്ട വഴക്കുകൾ, ദിവസങ്ങളും ചിലപ്പോള്‍ ആഴ്ച്ചകളും നീണ്ടുനില്‍ക്കുന്ന നിശബ്ദത. തങ്ങളെത്തന്നെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൊണ്ടിരിക്കേണ്ട ദുര്യോഗം, കുട്ടികളില്ലാത്ത നിരാശ. അയാള്‍ കാടുകയറി ചിന്തിക്കാൻ തുടങ്ങി. ദൃഷ്ടി വെള്ളത്തിൽ തന്നെ ഉറപ്പിച്ചിരിക്കുന്നു. തന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ജലം. ഇന്ന് തന്നെ ഭയപ്പെടുത്തിയ ജലം. “ റോബര്‍ട്ട് ഫുൾ വെള്ളമാണ്‌... അകത്തും പുറത്തും “.കൂട്ടുകാർ തമാശയ്ക്ക് പറയുമായിരുന്നു.

 രാജേഷ് ഇടയ്ക്ക് വന്ന് എന്തോ പറഞ്ഞിട്ടുപോയി. ശ്രദ്ധിക്കാന്‍ പറ്റിയില്ല. കുട്ടികൾ മുങ്ങിയും മുങ്ങാതെയും പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അവളെ കുറ്റം പറയാന്‍ പറ്റില്ല. റോബര്‍ട്ട് ചിന്തിച്ചു. അവളൊത്തിരി ക്ഷമിച്ചു... സഹിച്ചു. ചെറിയ ചെറിയ ആവശ്യങ്ങളായിരുന്നു. മദ്യപാനം കുറയ്ക്കണം. നിര്‍ത്തണം എന്നുപോലും പറഞ്ഞില്ല. കുറയ്ക്കണം എന്നേ പറഞ്ഞുള്ളൂ. വലിയാണ്‌ പൂർണമായും നിര്‍ത്തണം എന്ന് വാശി പിടിച്ചത്. താന്‍ പലപ്പോഴും വാക്കുപറഞ്ഞു പറ്റിച്ചു. അതൊക്കെ ചിലപ്പോള്‍ സ്നേഹത്തോടെയുള്ള ക്ഷമാപണങ്ങളിലും മറ്റു ചിലപ്പോൾ അഹങ്കാരത്തോടെയുള്ള വാക്കുതര്‍ക്കങ്ങളിലും അവസാനിച്ചു. പരസ്പരം സഹിക്കാന്‍ വിധിക്കപ്പെട്ട നിരാശരായ രണ്ടാത്മാക്കൾ.

  അയാൾ പുറത്തേക്ക് നോക്കി. അടുത്ത ബാച്ച് സ്ത്രീകളുടേതാണ്‌. തണലത്തുമാറി നിന്ന് ഒരു യുവതി തന്നെത്തന്നെ നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. റോബര്‍ട്ട് തന്‍റെ ശരീരത്തെക്കുറിച്ച് ബോധവാനായി. നിരന്തരമായ നീന്തലും വ്യായാമവും കാരണം സുന്ദരമായൊരു ശരീരം അയാള്‍ക്കുണ്ട്. അതില്‍ തെല്ല് അഭിമാനവുമുണ്ട്. പലപ്പോഴായി ഇതുപോലെ കനമുള്ള നോട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ റീനയെ താന്‍ ചതിച്ചിട്ടില്ല. അയാള്‍ തെല്ലഭിമാനത്തോടെ ഓർത്തു. എന്നും അവള്‍ ഉണ്ടായിരുന്നു. അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ലാത്തൊരു ഒറ്റപ്പെടല്‍ അയാൾ അനുഭവിക്കാന്‍ തുടങ്ങി. അവിടെ നിന്നും ഇറങ്ങി ഓടണമെന്നും കുറെ കുടിക്കണമെന്നും ചിന്തിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴ, അതിന്റെ കൂടെ മദ്യവും ഇനിയും തുടങ്ങിയിട്ടില്ലാത്ത നീണ്ട ദിവസവും. കഴിക്കുന്നത് ഏകാന്തത കൂട്ടുകയേ ഉള്ളൂ എന്നയാള്‍ മനസ്സിലാക്കി. കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു.

   താനത്ര സുന്ദരിയല്ലെന്നൊരു അപകർഷതാബോധം റീനയ്ക്കുണ്ടായിരുന്നു. റോബര്‍ട്ടിന്‍റെ സൌന്ദര്യം അതിന്‍റെ ആഴം കൂട്ടി. വല്ലാതെ സ്നേഹപ്രകടനങ്ങൾ നടത്തുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു.
 എന്നെ മുത്തെ എന്നൊന്നും വിളിക്കെണ്ടാ... “
അയാള്‍ സ്നേഹത്തോടെ ചോദിക്കും “ അതെന്താ ?
“ ഞാന്‍ അത്ര സുന്ദരിയൊന്നും അല്ലെന്ന് എനിക്കറിയാം ”
അയാള്‍ ഒന്നുകൂടി അടുപ്പിച്ചുകൊണ്ട് പറയും “ നീ സുന്ദരിയാണ്‌. എന്‍റെ തിളങ്ങുന്ന രത്നമാണ്
“ അതെ...നിങ്ങള്‍ സ്നേഹിക്കുമ്പോൾ മാത്രം. “ അവള്‍ അയാളുടെ മുഖത്ത് നോക്കി പറയും. ആ സമയം കണ്ണിൽ പ്രണയം തെളിഞ്ഞുമിന്നും .
“ അല്ലാത്തപ്പോഴോ ? “
“ വെറും കല്ല്‌ “

അയാളുടെ കണ്ണ് നിറഞ്ഞു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ. അയാള്‍ പൂളിനരികിലേക്ക് നടന്നു. ആ പേടി ഇനിയും മാറിയിട്ടില്ല. ഇത് അവസാനമാണ്‌...ഇത് മരണമാണ്‌. അയാള്‍ ഓർത്തു. കൂടുതല്‍ ആലോചിക്കാതെ അയാള്‍ ഡൈവ് ചെയ്തു. ഡൈവ് ശരിയായില്ലെന്ന് വെള്ളം തൊട്ടപ്പോള്‍ തന്നെ മനസ്സിലായി. ഇതിലും വലിയ പരാജയം ഇനി സംഭവിക്കാനില്ല. മുകളിലേക്ക് പൊങ്ങരുതേ എന്നയാൾ ആശിച്ചു. മുകളില്‍ ഹൃദയം നുറുക്കുന്ന ഏകാന്തതയാണ്‌. റോബര്‍ട്ട് കണ്ണുകൾ ഇറുക്കി അടച്ചു. 

No comments:

Post a Comment